അമേരിക്കയിൽ നിന്നെത്തിയ കൊറിയറിൽ നിന്ന് 123 എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടി
കൊറിയർ കൈപ്പറ്റാനെത്തിയ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമനെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കൊച്ചി: അമേരിക്കയിൽ നിന്നെത്തിയ കൊറിയറിൽ നിന്ന് 123 എൽ.എസ്.ഡി. സ്റ്റാമ്പുകൾ പിടികൂടി. 1.41 ഗ്രാം വരുന്ന സ്റ്റാമ്പുകളാണ് കൊച്ചിയിലെ വിദേശ പോസ്റ്റ് ഓഫീസിനൊപ്പം പ്രവർത്തിക്കുന്ന കസ്റ്റംസ് സ്പെഷ്യൽ ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ സംഘം പിടിച്ചെടുത്തത്. കൊറിയർ കൈപ്പറ്റാനെത്തിയ നായരമ്പലം സ്വദേശി ചന്തു പുരുഷോത്തമനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിടെക് ബിരുദധാരിയായ ഇയാൾ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.
കൊച്ചി സ്വദേശിയുടെ പേരിലാണ് ലഹരിമരുന്ന് എത്തിയത്. കഴിഞ്ഞ 31-ന് അമേരിക്കയിൽ നിന്നയച്ച കൊറിയർ ശനിയാഴ്ചയാണ് ഫോറിൻ പോസ്റ്റ് ഓഫീസിലെത്തിയത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിവരം കസ്റ്റംസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കൊറിയർ കൈപ്പറ്റാനെത്തിയ ചന്തുവിനെ ഇന്റലിജൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിശദ അന്വേഷണം നടത്തുമെന്നും വിദേശത്തു നിന്നെത്തുന്ന എല്ലാ പോസ്റ്റുകളും പാഴ്സലുകളും സൂക്ഷ്മമായി പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. രാസലഹരിയായ എൽ.എസ്.ഡി സ്റ്റാമ്പ് 0.1 ഗ്രാം കൈവശം വയ്ക്കുന്നത് പോലും പത്തു വർഷം തടവുശിക്ഷ കിട്ടുന്ന കുറ്റമാണ്.
വിദേശത്തു നിന്ന് വിമാന, കപ്പൽമാർഗം വരുന്ന കൊറിയറുകൾ എറണാകുളത്തെ ഫോറിൻ പോസ്റ്റ് ഓഫീസിലാണ് എത്തുന്നത്. ഇവിടെ സൂക്ഷ്മ പരിശോധന നടത്തിയാണ് മേൽവിലാസക്കാർക്ക് കൈമാറുക. സംശയം തോന്നുന്ന കൊറിയറുകളെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കുകയാണ് പതിവ്.