മാമി തിരോധാനക്കേസില്‍ ദുരൂഹതയേറുന്നു; ഡ്രൈവറെയും കാണാനില്ല, രജിതും ഭാര്യയും ഓട്ടോയില്‍ കയറിപ്പോകുന്ന ദൃശ്യങ്ങള്‍ മീഡിയവണിന്
മാമി തിരോധാനക്കേസിൽ നേരത്തെ ഡ്രൈവറെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു
കോഴിക്കോട്: കാണാതായ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരെന്ന മാമിയുടെ ഡ്രൈവർ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കാണാനില്ലെന്ന് പരാതി. തുഷാരയുടെ സഹോദരൻ നടക്കാവ് പൊലീസിൽ പരാതി നൽകി. കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാന്‍റിന് സമീപത്തുള്ള ടൂറിസ്റ്റ് ഹോമിൽ നിന്നും ചെക്കൗട്ട് ചെയ്ത് ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്ന സിസി ടിവി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.
മാമി തിരോധാനക്കേസിൽ പൊലീസും ക്രൈംബ്രാഞ്ചും രജിത് കുമാറിനെ ചോദ്യം ചെയ്തിരുന്നു. ഏഴിന് ചോദ്യം ചെയ്തതിന് ശേഷം എട്ടിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രജിത് കുമാർ തുഷാരയുടെ സഹോദരനെ വിളിച്ച് മക്കളെ സ്കൂളിൽ നിന്നും കൂട്ടാൻ പറഞ്ഞു. പിന്നീട് ഇരുവരെ കുറിച്ചും ഒരു വിവരവുമില്ലെന്നാണ് തുഷാരയുടെ സഹോദരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ക്രൈംബ്രാഞ്ചും പൊലീസും തുടർച്ചയായി ചോദ്യം ചെയ്യാൻ വിളിക്കുന്നതിൽ മാനസിക പ്രയാസമുണ്ടായിരുന്നെന്ന് രജിതിന്‍റെ സഹോദരൻ പറഞ്ഞു. ഏഴിന് വൈകിട്ടാണ് രജിത്തും ഭാര്യയും കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ടൂറിസ്റ്റ് ഹോമിൽ മുറിയെടുത്തത്.
2023 ആഗസ്ത് 22നാണ് വീട്ടിൽനിന്ന് ഇറങ്ങിയ മാമിയെ കാണാതാകുന്നത്. അത്തോളി തലക്കളത്തൂരിലാണ് അവസാനത്തെ ലൊക്കേഷൻ കണ്ടെത്തിയത്. ഇതിനു ശേഷം ഫോണിൽ ബന്ധപ്പെടാനായിരുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. കേസിൽ ഇതുവരെ 180ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.