കാസർകോട് നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ച് വന്‍ അപകടം; നൂറിലേറെ പേർക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം
വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്
കാസര്‍കോട്: കാസർകോട് നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ചു. വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു . 154 പേർക്ക് പരിക്കേറ്റു. 97 പേർ ചികിത്സയിൽ. അപകടത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തു.പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രി 12 മണിയോടെയായിരുന്നു അപകടം. ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഈ കെട്ടിടത്തിന് സമീപമാണ് ആളുകള്‍ തെയ്യം കാണാന്‍ നിന്നിരുന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു. അത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിയാരം മെഡിക്കല്‍ കോളജിലുള്ള ഒരാളുടെ നില ഗുരുതരമാണ്.