തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം നാളെ

Update: 2016-05-25 14:41 GMT
Editor : admin
തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം നാളെ
Advertising

തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യുഡിഎഫ് യോഗം നാളെ ചേരും.

Full View

തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യുഡിഎഫ് യോഗം നാളെ ചേരും. പരസ്പര പഴിചാരലില്‍ യോഗം കലുഷിതമാകാനാണ് സാധ്യത. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതിയെ ചുമതലപ്പെടുത്താന്‍ ധാരണയായിട്ടുണ്ട്. ആര്‍എസ്‍പിക്കും ജെഡിയുവിനും ഒരാളെ പോലും വിജയിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യവും വിലയിരുത്തും.

വോട്ട് വിഹിതത്തില്‍ വന്‍ ഇടിവുണ്ടായി. കോണ്‍ഗ്രസിന് 16ഉം മുസ്ലീംലീഗിന് രണ്ടും മാണി വിഭാഗത്തിന് മൂന്ന് സീറ്റുകളും കുറഞ്ഞു. ഏഴിടത്ത് മത്സരിച്ച ജെഡിയുവിനും അഞ്ച് സീറ്റില്‍ മത്സരിക്കാനിറങ്ങിയ ആര്‍എസ്‍പിക്കും ഒരു എംഎല്‍എയെ പോലും കിട്ടിയില്ല. കുന്നംകുളത്ത് മത്സരിച്ച സിഎംപിയിലെ സി പി ജോണും പരാജയപ്പെട്ടു. ചില മണ്ഡലങ്ങളിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ് കാലുവാരിയതാണന്ന അഭിപ്രായം മാണി വിഭാഗത്തിനുണ്ട്. തിരുവമ്പാടിയിലും താനൂരിലും കോണ്‍ഗ്രസ് വേണ്ടത്ര സഹകരിച്ചില്ലന്ന വികാരം മുസ്ലീം ലീഗിനുള്ളില്‍ ചര്‍ച്ചയായിരുന്നു. നിലമ്പൂരിലേതടക്കമുള്ള തോല്‍വി ഘടകക്ഷികളുടെ സഹായം ഇല്ലാത്തതുകൊണ്ടാണെന്ന ആക്ഷേപം കോണ്‍ഗ്രസ് നേതൃത്വവും ഉയര്‍ത്തും. ഈ കാര്യങ്ങളെല്ലാം യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും.

അടിയൊഴുക്കുകള്‍ തിരിച്ചറിഞ്ഞുള്ള പ്രചരണ തന്ത്രങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നതാണ് തോല്‍വിക്ക് കാരണമായി വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കൂട്ടത്തോടെ എല്‍ഡിഎഫിന് പോയതും തിരിച്ചടിയായി കാണുന്നു. അഴിമതി ആരോപണങ്ങള്‍ ഭരണത്തുടര്‍ച്ച ഇല്ലാതാക്കാന്‍ പ്രധാന തടസ്സമായതായി ഘടകക്ഷികളെല്ലാം കരുതുന്നുണ്ട്. പ്രതിപക്ഷ നേതാവ് ആര് ആകണമെന്ന കാര്യത്തിലുള്ള അഭിപ്രായം ഘടകക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാനുള്ള സാധ്യതയുമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News