വഴിയോര കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയ നടപടിക്കെതിരെ പ്രതിഷേധം
ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വ്യാപാരി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി
വഴിയോര കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞ് പോവാന്‍ നോട്ടീസ് നല്‍കിയ ദേശീയപാത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം. ജില്ലാകലക്ടറുടെ ഉത്തരവുപ്രകാരമാണ് ദേശീയപാത അധികൃതര്‍ വഴിയോര കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് വ്യാപാരി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയപാത അധികൃതര്‍ മൂന്ന് ദിവസത്തെ സമയമാണ് വഴിയോര കച്ചവടക്കാര്‍ക്ക് ഒഴിഞ്ഞുപോവാന്‍ നല്‍കിയത്. ഇത് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നയരേഖയ്ക്കും കലക്ടര്‍ ചെയര്‍മാനായി രൂപീകരിച്ച വഴിയോര സംരക്ഷണ സമിതിയുടെ തീരുമാനത്തിനും വിരുദ്ധമാണെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ഒഴിപ്പിക്കല്‍ നടപടി തുര്‍ന്നാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
വഴിയോര കച്ചവടക്കരുടെ തൊഴില്‍ സംരക്ഷിക്കുക, ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കുക, ദേശസാല്‍കൃത ബാങ്കുകള്‍ വഴി വായ്പ അനുവദിക്കുക, ക്ഷേമ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വഴിയോര കച്ചവടക്കാര്‍.