സിപിഎമ്മിന്റെ വർഗീയ നിലപാടിൽ പ്രതിഷേധവുമായി സമസ്ത, മുജാഹിദ് സംഘടനകൾ

സംഘ്പരിവാർ നിലപാടാണ് സിപിഎം ആവർത്തിക്കുന്നതെന്ന് സംഘടനകൾ കുറ്റപ്പെടുത്തി

Update: 2024-12-23 10:21 GMT
Advertising

കോഴിക്കോട്: പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ നടത്തിയ വർഗീയ പരാമർശത്തിനും, അതിനെ പിന്തുണച്ച സിപിഎം നിലപാടിനുമെതിരെ പ്രതിഷേധവും വിമർശനവുമായി സമസ്ത, മുജാഹിദ് സംഘടനകൾ.

എ. വിജയരാഘവന്റെ വർഗീയ പരാമർശത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് സമസ്ത മുഖപത്രം 'സുപ്രഭാതത്തിലുള്ളത്'. വർഗ രാഷ്ട്രീയം വിട്ട് സിപിഎം അവസരത്തിനൊത്ത് വർഗീയ രാഷ്ട്രീയത്തെ ഉപയോഗിക്കുകയാണെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തിൽ വിമർശിച്ചു. സിപിഎമ്മിന്റെ മുസ്‌ലിം വിരുദ്ധതയും വെറുപ്പുമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും കുറ്റപ്പെടുത്തലുണ്ട്.

'സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സിപിഎം' എന്ന തലക്കെട്ടിലാണ് 'സുപ്രഭാതം' മുഖപ്രസംഗം. വർഗീയരാഷ്ട്രീയത്തിന്റെ സാധ്യതകളില ക്കേ് സിപിഎം ചുവടുമാറ്റിത്തുടങ്ങിയത് 1980കളുടെ പകുതിയോടെയാണ്. ഷാബാനു കേസിന്റെ ചുവടുപിടിച്ച് മുസ്‌ലിം വ്യക്തിനിയമത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു തുടക്കം. സംഘ്പരിവാർ ബാബരി മസ്ജിദ് തകർക്കുകയും മുസ്‌ലിം മനസുകളിൽ ഭീതിയും അരക്ഷിതബോധവും രൂപപ്പെടുകയും മുസ്‌ലിം ലീഗിൽ ഭിന്നിപ്പുണ്ടാകുകയുമൊക്കെ ചെയ്ത രാഷ്ട്രീയ സാഹചര്യം സിപിഎം ഉപയോഗിക്കാൻ ശ്രമിച്ചു. സംഘ്പരിവാർ ഭീഷണിയെ നേരിടാനുള്ള ഏക ശക്തി തങ്ങളാണെന്ന പ്രചാരണം നടത്തി. മുസ്‌ലിം വോട്ടിനു വേണ്ടി കൈവിട്ട കളികളും പാർട്ടി നടത്തിയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

പിണറായി സർക്കാർ അധികാരമേറ്റ ശേഷം ന്യൂനപക്ഷ വിരുദ്ധ നടപടികളുണ്ടായി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തി. സിപിഎം-സംഘ്പരിവാർ ചങ്ങാത്തമാണ് തൃശൂരിൽ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയത്. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുകയും ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സിപിഎം നേതാക്കൾ ചെയ്യുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിച്ചു.

മുസ്‌ലിം സമുദായം മൊത്തം വർഗീയ വാദികളാണ് എന്നല്ലെ വിജയരാഘവന്റെ പ്രസ്താവനയുടെ അർഥമെന്ന് എസ്‌വൈഎസ്‌ നേതാവ് റഹ്മത്തുല്ല സഖാഫി എളമരം ചോദിച്ചു. വിജരാഘവന്റെ പ്രസ്താവന ആരെ സന്തോഷിപ്പിക്കാനാണ്. പ്രസ്താവനയിലൂടെ വിജയരാഘവൻ തന്റെ പാരമ്പര്യം നിലനിർത്തുന്നുവെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ റഹ്മത്തുല്ല സഖാഫി എളമരം വിമര്‍ശിച്ചു.

പ്രത്യേക സ്ഥാനാർഥികൾക്കായി മുസ്‍ലിംകൾ കൂട്ടമായി വോട്ടുചെയ്യാൻ ശ്രമം നടത്തുന്നുവെന്ന സംഘ്പരിവാറിന്റെ ആരോപണങ്ങൾ അതേപടി ആവർത്തിക്കുകയാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തുന്നതെന്ന് ഐഎസ്എം സംസ്ഥാന സെക്രട്ടേറിയറ്റ് വിമർശിച്ചു. സംഘ്പരിവാർ രാഷ്ട്രീയത്തിന് വഴിയൊരുക്കുന്ന ഇത്തരം സമീപനങ്ങൾ അപകടകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ അവബോധത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അപലപനീയമാണെന്ന് വിസ്ഡം ഇസ്‌ലാമിക്ക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

മുസ്‌ലിം ഭൂരിപക്ഷ കേന്ദ്രങ്ങളിലെ എല്ലാവിധ സാമൂഹിക മുന്നേറ്റങ്ങളെയും സാമുദായികമായി മാത്രം സമീപിക്കുന്നതും വിമര്‍ശിക്കുന്നതും അപലപനീയമാണെന്നും സംഘടന വ്യക്തമാക്കി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News