പാലക്കാട് സ്‌കൂളിലെ പുൽക്കൂട് തകർത്ത നിലയിൽ
ക്രിസ്മസ് ആഘോഷത്തിനായി വെള്ളിയാഴ്ച സ്ഥാപിച്ച പുൽക്കൂട് ഇന്ന് സ്കൂൾ തുറന്ന അധ്യാപകരാണ് അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയത്
പാലക്കാട്: സ്‌കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ. തത്തമംഗലം ജിബിയുപി സ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച്ചയാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്. ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്.
ആരാണ് പുൽക്കൂട് തകർത്തതെന്ന് നിലവിൽ വ്യക്തമല്ല. ഗേറ്റിനുള്ളിലുണ്ടായിരുന്ന പുൽക്കൂട് നീളമുള്ള വടി ഉപയോഗിച്ചാണ് തകർത്തിരിക്കുന്നത്. സാമൂഹ്യവിരുദ്ധരായിരിക്കാം പുൽക്കൂട് തകർത്തതെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. ആർക്കെതിരെയും കുറ്റം ആരോപിച്ചിട്ടില്ല.
സ്‌കൂളിന് സമീപ സിസിടിവി ക്യാമറകളില്ലാത്തതിനാൽ ദൃശ്യങ്ങൾ ഒന്നും ലഭ്യമായിട്ടില്ല. പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. സംഭവസ്ഥലം സീൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ അറസ്റ്റിലായിരുന്നു. പാലക്കാട് നല്ലേപ്പിള്ളി ഗവ: യുപി സ്‌കൂളിലാണ് സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. പ്രധാനധ്യാപികയെയും അധ്യാപകരെയും ഇവർ അസഭ്യം പറഞ്ഞു. ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു.
വാർത്ത കാണാം-