മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന്
എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാരും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചിരിക്കും.
മന്ത്രിമാര്‍ക്കായുള്ള ആദ്യ അത്താഴ വിരുന്ന് ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ വകയാണ് ആദ്യ അത്താഴ വിരുന്ന്. മന്ത്രിസഭയുടെ ഐക്യം ഊട്ടിയുറപ്പിക്കാനാണ് അത്താഴ വിരുന്നെന്ന പുതിയ ആശയം നടപ്പിലാക്കുന്നത്.
വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് എല്ലാ മന്ത്രിസഭയെക്കുറിച്ചും ഉയരാറുള്ള പതിവ് പരാതി. ഈ പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടെത്തിയ പോംവഴിയാണ് മന്ത്രിസഭാംഗങ്ങള്‍ക്കായി അത്താഴ വിരുന്ന്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ടുവെച്ച നിര്‍ദേശം മന്ത്രിമാർ ഏകമനസോടെ സ്വീകരിക്കുകയും ചെയ്തു.
എല്ലാ മാസവും ആദ്യ ബുധനാഴ്ച മന്ത്രിമാരും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ചിരിക്കും. അത്താഴ വിരുന്നിനൊപ്പം ചർച്ചകളും നടക്കും. മന്ത്രിമാർക്കിടയിലെ ഐക്യം ശക്തിപ്പെടുത്താനും ആശയവിനിമയം എളുപ്പമാക്കാനും ഒത്തുകൂടല്‍ വഴിയൊരുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതീക്ഷ. ആദ്യ വിരുന്ന് ഇന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ നടക്കും. തുടർന്ന് ഊഴമിട്ട് ഓരോ മന്ത്രി മന്ദിരത്തിലും കുടുംബ സംഗമം ഒരുക്കും.