സ്വാശ്രയ മെഡിക്കല്‍ പ്രവേശം: ഫീസില്‍ അന്തിമധാരണയായില്ല
30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസ് സംബന്ധിച്ച് തര്‍ക്കം തുടരുകയാണ്
സ്വാശ്രയ മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട് സര്‍ക്കാരും മാനേജ്മെന്റുകളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ അന്തിമ ധാരണയായില്ല. 30 ശതമാനം മെറിറ്റ് സീറ്റിലെ ഫീസ് സംബന്ധിച്ച് സര്‍ക്കാരും മാനേജ്മെന്റുകളുമായി തര്‍ക്കം തുടരുകയാണ്. നാളെ വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വീണ്ടും ചര്‍ച്ച നടക്കും.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയായിരുന്നു ഇന്നും സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയത്. 30 ശതമാനം മെറിറ്റ് സീറ്റില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റ് സീറ്റിന് തുല്യമായ ഫീസ് ആവശ്യപ്പെട്ട മാനേജ്മെന്റുകള്‍ ഫീസ് വര്‍ധനവില്‍ കാര്യമായ വീട്ടുവീഴ്ചക്ക് തയ്യാറായി. ആദ്യഘട്ടത്തില്‍ ഫീസ് വര്‍ധനയുടെ കാര്യത്തില്‍ മാനേജ്മെന്റുകള്‍ മുന്നോട്ടുവെച്ച ആവശ്യം സര്‍ക്കാര്‍ തളളുകയായിരുന്നു. ഈ സാഹചര്യത്തില്‍ 4.4 ലക്ഷമെന്ന ഫോര്‍മുലയുമായാണ് മാനേജ്മെന്റുകള്‍ ഇന്ന് ചര്‍ച്ചക്കെത്തിയത്. എന്നാല്‍ പരമാവധി 2.5 ലക്ഷമെന്ന നിലപാട് ആരോഗ്യമന്ത്രിയും കൈക്കൊണ്ടു. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ സമവായമാകുമെന്നാണ് മാനേജ്മെന്റുകളുടെ പ്രതീക്ഷ.