നാളെ പ്രതികരിക്കാമെന്ന് വിഎസ്
പിണറായി വിജയനാണ് മുഖ്യമന്ത്രിയെന്ന് അറിഞ്ഞതോടെ എല്ലാ കണ്ണുകളും വിഎസിലായിരുന്നു
പിണറായി വിജയനാണ് മുഖ്യമന്ത്രിയെന്ന് അറിഞ്ഞതോടെ എല്ലാ കണ്ണുകളും വിഎസിലായിരുന്നു. സീതാറാം യെച്ചൂരിയേയും പ്രകാശ് കാരാട്ടിനെയും കണ്ട ശേഷം കന്റോണ്‍മെന്റ് ഹൌസിലെത്തിയ വിഎസ് പതിവ് പോലെ തന്നെ ഉച്ചയുറക്കവും നടത്തി. മാധ്യമങ്ങള്‍ പലവട്ടം പ്രതികരണം ആരാഞ്ഞിരുന്നെങ്കിലും നാളെ പ്രതികരിക്കാമെന്ന മറുപടിയോടെ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
യെച്ചൂരി രാവിലെ ഫോണില്‍ വിളിച്ചാണ് കാണണമെന്ന് വിഎസിനോട് പറഞ്ഞത്. മകന്‍ അരുണ്‍ കുമാറിനൊപ്പം എകെജി സെന്ററിലെത്തിയ വിഎസിനോട് പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള പാര്‍ട്ടി തീരുമാനം അറിയിച്ചു. തീരുമാനം കേട്ട വിഎസ് നേരെ എത്തിയത് കന്റോണ്‍മെന്‍റ് ഹൌസില്‍. ചില അടുപ്പക്കാരോട് മാത്രം ഫോണില്‍ സംസാരിച്ചു. പിന്നീട് ഭക്ഷണം കഴിച്ച് പതിവുള്ള ഉച്ചയുറക്കവും കഴിഞ്ഞ് സംസ്ഥാന സമിതിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങി. മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ വാഹനം നിര്‍ത്തി അഭിവാദ്യം ചെയ്തു. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കിയില്ല.
വാര്‍ത്താസമ്മേളനത്തില്‍ യച്ചൂരിക്കും കോടിയേരിക്കുമൊപ്പമിരുന്ന വിഎസ് അധികം വൈകാതെ തന്നെ കന്റോണ്‍മെന്റ് ഹൌസില്‍ തിരികയെത്തി. തൊട്ട് പിന്നാലെ നാളെ മാധ്യമങ്ങളെ കാണാമെന്ന അറിയിപ്പും വന്നു. ഇതിനിടയിലൊന്നും ഒരു പാര്‍ട്ടി പ്രവര്‍ത്തകനോ നേതാവോ വിഎസിനെ കാണാന്‍ വന്നില്ലായെന്ന പ്രത്യേകതയുമുണ്ട്.