സക്കീര്‍ ഹുസൈന്‍ ഗുണ്ടയല്ലെന്ന് കൊടിയേരി
ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഗുണ്ടയല്ലെന്ന് കോടിയേരി പറയുന്നത്
ഗുണ്ടാ കേസിലുള്‍പ്പെട്ട സക്കീര്‍ ഹുസൈനെ ന്യായീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഗുണ്ടയല്ലെന്ന് കോടിയേരി പറയുന്നത്.
സക്കീര്‍ ഹുസൈനെതിരെ 14 ക്രിമിനല്‍ കേസുകളുണ്ടെന്നും ഇയാള്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതമാക്കുന്നതിനുവേണ്ടിയാണെന്ന് കോടിയേരി ലേഖനത്തില്‍ പറയുന്നു. സക്കീര്‍ ഹുസൈന്‍ ഗുണ്ടയാണെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇതിനു വിരുദ്ധമായ നിലപാടുമായി സംസ്ഥാന സെക്രട്ടറിയുടെ ലേഖനം പുറത്തുവന്നിരിക്കുന്നത്.
സക്കീറിനെതിരായ കേസുകളെല്ലാം ജനകീയ പ്രശ്‌നങ്ങളുമായി നബന്ധപ്പെട്ട പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തതിന് മുന്‍ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്. പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകരെ യുഡിഎഫ് സര്‍ക്കാര്‍ കാപ്പ നിയമപ്രകാരം ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം തോന്ന്യാസ ഭരണത്തിന്റെ ഭാഗമായാണ് സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെയും 14 കേസുകളില്‍ പ്രതിയാക്കിയതെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.