തറക്കല്ലിട്ടിട്ട് മൂന്ന് വര്‍ഷം; കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പണി ഇനിയും തുടങ്ങിയില്ല
മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരത്തിനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മറ്റി.
കാസര്‍കോട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും കെട്ടിടത്തിന്റെ പണി ഇനിയും തുടങ്ങിയിട്ടില്ല. ആശുപത്രി കെട്ടിടത്തിനായി 10 മാസം മുന്‍പ് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരത്തിനൊരുങ്ങുകയാണ് ആക്ഷന്‍ കമ്മറ്റി.
കാസര്‍കോട് ബദിയടുക്ക പഞ്ചായത്തിലെ ഉക്കിനടുക്കയില്‍ മൂന്ന് വര്‍ഷം മുന്‍പാണ് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടത്. 62 ഏക്കര്‍ സ്ഥലത്ത് 282 കോടി രൂപ ചെലവഴിച്ച് അക്കാദമിക്ക് ബ്ലോക്കും ആശുപത്രിയും നിര്‍മ്മിക്കാനായിരുന്നു പദ്ധതി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. 2015 ജനുവരിയില്‍ ആദ്യ ബാച്ചിന് പ്രവേശനം നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അക്കാദമിക്ക് ബ്ലോക്കിന്റെ നിര്‍മ്മാണം മാത്രമാണ് തുടങ്ങിയത്.
നബാര്‍ഡിന്റെ സഹായത്തോടെ 68 കോടി രൂപ ചെലവിലാണ് ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം. കിറ്റ്‌ക്കോയ്ക്കാണ് നിര്‍മ്മാണ ചുമതല.