മറയൂരില്‍ കാട്ടുപോത്തുകളുടെ ആക്രമണം രൂക്ഷമാകുന്നു
അടിയന്തരമായി സംരക്ഷണ വേലി കെട്ടണമെന്ന് ആവിശ്യം ശക്തമാകുന്നു
മറയൂര്‍ മേഖലയില്‍ വീണ്ടും കാട്ടുപോത്തുകളുടെ ആക്രമണം ശക്തമാകുന്നു. കാര്‍ഷിക ഗ്രാമമായ മറയൂരില്‍ കാട്ടു പോത്തുകള്‍ കൃഷികള്‍ നശിപ്പിക്കുകയും ആളുകളെ ആക്രമിക്കുന്നതും പതിവാകുന്നു. എന്നാല്‍ ഇതിനെതരെ വനം വകുപ്പ് നടപടി കൈക്കൊള്ളുന്നില്ലെന്ന പരാതി ഉയരുന്നു.
മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ മേഖലകളില്‍ കാട്ടുപോത്തുകളുടെ ആക്രമണം മാസങ്ങളായി തുടരുകയാണ്. മുന്‍പ് വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാതിരിക്കാന്‍ അധികൃതര്‍ സംരക്ഷണ വേലി നിര്‍മ്മിച്ചിരുന്നുവെങ്കിലും കാലപ്പഴക്കത്തില്‍ വേലികള്‍ തകര്‍ന്നതാണ് കാട്ടുപോത്ത് ഉള്‍പടെയുള്ള വന്യജീവികള്‍ ഈ പ്രദേശത്ത് എത്താന്‍ കാരണം.
മുന്‍കാലങ്ങളില്‍ ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന വന്യജീവികളെ അധിക്യതര്‍ തുരത്തി വന പ്രദേശത്ത് എത്തിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ വനം വകുപ്പ് നടപടി കൈകൊള്ളുന്നില്ലായെന്നാണ് നാട്ടുകാരുടെ പരാതി. കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇപ്പോഴും ചികിത്സയില്‍ കഴിയുന്നവരും ധാരാളം. സംരക്ഷണ വേലി കെട്ടുക എന്നതു മാത്രമാണ് കാട്ടുപോത്തുകളെ തടയാനുള്ള ഏക മാര്‍ഗ്ഗം എന്ന് നാട്ടുകാര്‍ പറയുന്നു.