ആദിവാസികളുടെ പേരില്‍ വയനാട്ടില്‍ വ്യാജതേന്‍ വിപണകേന്ദ്രം
വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും അയ്യായിരം ലിറ്റര്‍ വ്യാജ തേന്‍ പിടിച്ചെടുത്തു.
കേരളത്തില്‍ വ്യാജ തേന്‍ വിപണിയിലെത്തിക്കുന്ന കേന്ദ്രം ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ കല്ലൂരിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും അയ്യായിരം ലിറ്റര്‍ വ്യാജ തേന്‍ പിടിച്ചെടുത്തു.
തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡില്‍ പങ്കെടുത്തത്.
കോഴിക്കോട്, വയനാട് ജില്ലകളില്‍ വില്‍പ്പന നടത്തുന്ന ചില തേന്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് വ്യാജ തേനിനെക്കുറിച്ച് വിവരം ലഭിച്ചത്. തേനില്‍ കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേര്‍ന്നതായി കണ്ടെത്തിയതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.
സുല്‍ത്താന്‍ ബത്തേരിക്കടുത്ത കല്ലൂരില്‍ ആദിവാസികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘമാണ് തേന്‍ വിപണിയിലെത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാന ഭക്ഷ്യസുരക്ഷാ ജോയിന്‍റ് കമ്മീഷണര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ അയ്യായിരം ലിറ്റര്‍ വ്യാജ തേന്‍ കണ്ടെത്തി.
ഗുണ്ടല്‍പേട്ട്, മൈസൂര്‍ എന്നിവിടങ്ങളിലാണ് വ്യാജ തേന്‍ നിര്‍മ്മിക്കുന്നതെന്ന് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഭക്ഷ്യാസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഫുഡ് സേഫ്റ്റി അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ ഏലിയാമ്മ, ശശികുമാര്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. വ്യാജതേന്‍ തടയാനായി കൂടുതല്‍ ശക്തമായ റെയ്ഡുകള്‍ വരും ദിവസങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തും.