തീരാദുരിതത്തില്‍ പേരണ്ടൂൂര്‍ കനാല്‍ തീരത്തെ കുടുംബങ്ങള്‍
മാലിന്യങ്ങള്‍ക്ക് നടുവില്‍ ദുര്‍ഗന്ധം ശ്വസിച്ച് ജീവിക്കാനാണ് ഇവരുടെ വിധി
കൊച്ചി നഗരത്തിന്റെ മാലിന്യങ്ങള്‍ പേറുന്ന പേരണ്ടൂൂര്‍ കനാല്‍ തീരത്തെ കുടുംബങ്ങളുടെ ദുരിതമവസാനിക്കുന്നില്ല. മാലിന്യങ്ങള്‍ക്ക് നടുവില്‍ ദുര്‍ഗന്ധം ശ്വസിച്ച് ജീവിക്കാനാണ് ഇവരുടെ വിധി. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികാരികളെ പലതവണ കണ്ടിട്ടും അവഗണന മാത്രമായിരുന്നു ഫലം.
ഇത് ഫിലോമിന. മുപ്പത് വര്‍ഷമായി സൌത്ത് റെയില്‍വെ സ്റ്റേഷനടുത്തുള്ള കൊച്ചി കോര്‍പറേഷന്റെ പുറമ്പോക്ക് ഭൂമിയിലെ താമസക്കാരി. കരിഓയിലും പ്ലാസ്റ്റിക് മാലിന്യങ്ങളും ആഫ്രിക്കന്‍ പായലും നിറഞ്ഞ പേരണ്ടൂര്‍ കനാലാണ് വീട്ടുമുറ്റം. ഒക്കാനിക്കാതെ ഭക്ഷണം ഉണ്ടാക്കാന്‍ കഴിയാത്ത അടുക്കള. തൊട്ടപ്പുറത്ത് കക്കൂസ്. ഞെങ്ങി ഞെരുങ്ങിയാല്‍ മൂന്നു പേര്‍ക്ക് കിടന്നുറങ്ങാവുന്ന കുടുസ്സ് മുറി. സ്മാര്‍ട്ട് കൊച്ചിയില്‍ ഇങ്ങനെയും ജീവിതമുണ്ട്. മഴക്കാലത്ത് കനാലില്‍ നിന്ന് കുപ്പിയും പാട്ടയും കക്കൂസ് മാലിന്യമൊക്കെ വഹിച്ച് മലിന ജലം വീടിനുള്ളിലും നിറയും. ആ രാത്രികളില്‍ അഭയം തൊട്ടടുത്തുള്ള സൌത്ത് റെയില്‍വെ സ്റ്റേഷനിലും. നഗരം തന്ന മലിനജിവിതം സഹിക്കാനാവാതെ മൂന്ന് കുടുംബങ്ങള്‍ ബന്ധു വീടുകളില്‍ അഭയം തേടി. ലോട്ടറി വിറ്റും ചെരുപ്പ് നന്നാക്കിയും വീട്ടുജോലി ചെയ്തുമാണ് ജീവിതം. പുഴുവരിക്കുന്ന ഈ ജീവിതത്തിന് മാറ്റമുണ്ടാകാന്‍ സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.