എം കെ ദാമോദരനെയും ശ്രീധരന്‍ നായരെയും ന്യായീകരിച്ച് മുഖ്യമന്ത്രി
നിയമോപദേഷ്ടാവ് എം കെ ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്
തന്റെ നിയമോപദേഷ്ടാവ് എം കെ ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രതിഫലം പറ്റുന്ന നിയമോപദേഷ്ടാവല്ല ദാമോദരന്‍. അദ്ദേഹം ഏത് കേസ് ഏറ്റെടുക്കുന്നതിനോടും വിരോധമില്ല. ഏത് കേസ് ഏറ്റെടുക്കണമെന്ന് അദ്ദേഹത്തിന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ശ്രീധരന്‍ നായര്‍ വ്യക്തിപരമായി തട്ടിപ്പ് നടത്തിയെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി. കമ്പനി ഡയറക്‌ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരമാണ് വായ്പയെടുത്തത്. സാമ്പത്തിക പ്രതിസന്ധി മൂലമാകാം തിരിച്ചടക്കാന്‍ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായിട്ടില്ലെന്നും അതുവരെ പ്രതിയാണെന്നു പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലമ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ ഭൂമി ഡയറക്ടര്‍മാരറിയാതെ പണയം വെച്ച് അഞ്ച് കോടി രൂപ വായ്പയെടുത്തതായാണ് ശ്രീധരന്‍ നായര്‍ക്കെതിരായ പരാതി. മലപ്പുറം നിലമ്പൂര്‍ സ്വദേശി ഡോക്ടര്‍ കെ ആര്‍ വാസുദേവനാണ് കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. പരാതി കോടതി ഫയലില്‍ സ്വീകരിച്ചു.
അതേസമയം ഡയറക്‌ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്ഥാനത്തുനിന്ന് മഞ്ചേരി ശ്രീധരന്‍ നായരെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. അഞ്ച് കോടി തട്ടിയ കേസിലെ രണ്ടാം പ്രതിയാണ് ശ്രീധരന്‍നായരെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.