'പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റേത് ഇരയെ ശിക്ഷിക്കുന്ന സമീപനം'; പ്രതികരണവുമായി ഷീല കുര്യൻ
'ഇന്നലെ സാന്ദ്രയെങ്കിൽ ഇന്ന് ഞാനെന്ന് എനിക്കറിയാം'
എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ പ്രതികരണവുമായി നിർമാതാവ് ഷീല കുര്യൻ. ഇരയെ ശിക്ഷിക്കുന്ന സമീപനമാണ് പ്രൊഡ്യൂസർ അസോസിയേഷൻ സ്വീകരിക്കുന്നതെന്ന് ഷീല കുര്യൻ മീഡിയവണിനോട് പറഞ്ഞു. അസോസിയേഷൻ എന്നോടും വിശദീകരണം ചോദിച്ചിട്ടുണ്ട്. ഏതാനും പേർ ചേർന്ന് തീരുമാനമെടുത്ത് നടപ്പാക്കുകയാണ്. നടപടി ഭയന്നാണ് പലരും പ്രതികരിക്കാത്തതെന്നും ഷീല കുര്യൻ പറഞ്ഞു.
'ലോകത്ത് ഒരു അസോസിയേഷനും ചെയ്യാത്ത നടപടിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നലെ സാന്ദ്രയെങ്കിൽ ഇന്ന് ഞാനെന്ന് എനിക്കറിയാം. അംഗമെന്ന നിലയിൽ എനിക്കും അവകാശമുണ്ട്.'- അവർ പറഞ്ഞു.
സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് നിർമാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കിയിരുന്നു. രണ്ട് തവണ വിശദീകരണം ചോദിച്ചെങ്കിലും സാന്ദ്ര നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിലപാട്. ഇതിനെത്തുടർന്നാണ് പുറത്താക്കൽ നടപടി. അപമാനിക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നൽകിയ പരാതിയിൽ ആൻ്റോ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരടക്കം 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്.