'ഇൻഡ്യ മുന്നണിയോട് വിടപറഞ്ഞ് ബിജെപി പാളയത്തിലേക്ക് ചേക്കേറുന്നത് ആരുടെ താത്പര്യം?'; സിപിഎം നയംമാറ്റത്തിൽ വി.ടി ബൽറാം
വ്യക്തികളുടെ മറുകണ്ടം ചാടലോ സ്ഥാനം ലഭിക്കാത്തവരുടെ ഇച്ഛാഭംഗങ്ങളോ അല്ല, രാഷ്ട്രീയപ്പാർട്ടികളുടെ ഇത്തരം ചുവടുമാറ്റങ്ങളാണ് ചർച്ചയാവേണ്ടതെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
കോഴിക്കോട്: ഇൻഡ്യാ സഖ്യത്തിനോടും കോൺഗ്രസിനോടുമുള്ള നയത്തിൽ മാറ്റം വരുത്താൻ സിപിഎം ആലോചിക്കുന്നുവെന്ന റിപ്പോർട്ടിൽ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. വ്യക്തികളുടെ മറുകണ്ടം ചാടലോ സ്ഥാനം ലഭിക്കാത്തവരുടെ ഇച്ഛാഭംഗങ്ങളോ അല്ല, രാഷ്ട്രീയപ്പാർട്ടികളുടെ ഇത്തരം ചുവടുമാറ്റങ്ങളാണ് ചർച്ചയാവേണ്ടതെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഇൻഡ്യ മുന്നണിയോട് വിടപറഞ്ഞ് ബിജെപി പാളയത്തിലേക്ക് പൂർണമായി ചേക്കേറാനുള്ള സിപിഎം നീക്കം ആരുടെ താത്പര്യമാണെന്ന് ബൽറാം ചോദിച്ചു. ആർഎസ്എസ് ഫാഷിസ്റ്റ് സംഘടനയല്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയ പ്രകാശ് കാരാട്ടോ അല്ലെങ്കിൽ ബിജെപിയുമായി നിരന്തരം ഡീൽ ഉണ്ടാക്കി പരിചയമുള്ള പിണറായി വിജയനാണോ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വ്യക്തികളുടെ മറുകണ്ടം ചാടലോ സ്ഥാനം ലഭിക്കാത്തവരുടെ ഇച്ഛാഭംഗങ്ങളോ അല്ല, ഇതുപോലെ രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയ ചുവടുമാറ്റങ്ങളാണ് യഥാർത്ഥത്തിൽ ചർച്ചയാവേണ്ടത്.
വിവിധ മാധ്യമങ്ങൾ ഒരുപോലെ നൽകുന്ന ഈ വാർത്തയോട് സിപിഐ(എം) കേന്ദ്ര നേതൃത്ത്വം ഔദ്യോഗികമായി പ്രതികരിക്കണം. 'ഇന്ത്യ' മുന്നണിയോട് വിടപറഞ്ഞ് ബിജെപി പാളയത്തിലേക്ക് പൂർണ്ണമായി ചേക്കേറാനുള്ള സിപിഐ(എം)ന്റെ ഈ നീക്കം ആരുടെ താത്പര്യ പ്രകാരമാണ്? ആർഎസ്എസ് ഫാഷിസ്റ്റ് സംഘടനയല്ലെന്ന് സർട്ടിഫിക്കറ്റ് നൽകിയ പ്രകാശ് കാരാട്ടിന്റേയോ അതോ ബിജെപിയുമായി നിരന്തരം ഡീൽ ഉണ്ടാക്കി പരിചയമുള്ള പിണറായി വിജയന്റേയോ?