നോട്ട് പ്രതിസന്ധി: സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം
രാഷ്ട്രീയ - യുവജന സംഘടനകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തി.
നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം. രാഷ്ട്രീയ - യുവജന സംഘടനകള്‍ റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധവുമായി എത്തി. കളളപ്പണം ഉണ്ടെന്ന് ഉറപ്പാണെങ്കില്‍ എന്തുകൊണ്ട് നേരത്തെ നടപടി സ്വീകരിച്ചില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു.
നോട്ടുകള്‍ പിന്‍വലിച്ച് ഏഴാം ദിനം പിന്നിടുമ്പോഴും പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. സിപിഐയുടെ നേതൃത്വത്തില്‍ ആര്‍ബിഐ റീജിയണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിജെപിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രന്‍ ആരോപിച്ചു.
തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും റീജിയണല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകര്‍ പ്രവേശന കവാടത്തിലും സുരക്ഷാ വേലിയിലും കരിങ്കൊടി കെട്ടി. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസിലേക്കും ആദായ നികുതി ഓഫീസിലേക്കും വിവിധ സംഘടനകള്‍ പ്രതിഷേധവുമായെത്തി.