കാസര്‍കോട് മുക്കുപണ്ടതട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്
മൂന്ന് ബാങ്കുകളില്‍ നിന്നും ഇതുവരെയായി കണ്ടെത്തിയത് 7 കോടിരൂപയുടെ തട്ടിപ്പ്
കാസര്‍കോട് ജില്ലയില്‍ കൂടുതല്‍ സഹകരണ ബാങ്കുകളില്‍ നടന്ന മുക്കുപണ്ടതട്ടിപ്പ് പുറത്തുവരുന്നു. മൂന്ന് ബാങ്കുകളില്‍ നിന്നും ഇതുവരെയായി കണ്ടെത്തിയത് 7 കോടിരൂപയുടെ തട്ടിപ്പ്. കൂടുതല്‍ ബാങ്കുകളില്‍ മുക്കുപണ്ട തട്ടിപ്പ് പുറത്തു വന്ന സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.
കാസര്‍കോട് മുട്ടത്തൊടി ബാങ്കില്‍ നടന്ന അഞ്ചുകോടിയോളം രൂപയുടെ മുക്കുപണ്ട തട്ടിപ്പാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ ജില്ലയിലെ മറ്റ് സഹകരണ ബാങ്കുകളില്‍ നടത്തിയ പരിശോധനക്കിടെയാണ് പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ശാഖയില്‍ നിന്നും ഉദുമ പനയാല്‍ അര്‍ബണ്‍ ബാങ്കിന്റെ തച്ചങ്ങാട്ടെ ഹെഡ് ഓഫീസിലും ആറാട്ടുകടവ് ശാഖയിലും തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
പിലിക്കോട് സഹകരണ ബാങ്കില്‍ 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പും ഉദുമ പനയാല്‍ ബാങ്കില്‍ 42 ലക്ഷത്തോളം രൂപയുടെ തട്ടിപ്പുമാണ് കണ്ടെത്തിയത്. മുക്കുപണ്ട തട്ടിപ്പ് കൂടുതല്‍ ബാങ്കുകളില്‍ നടന്നതായി കണ്ടെത്തിയ പശ്ചാതലത്തില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
ഇതുവരെ തട്ടിപ്പ് പുറത്ത് വന്ന എല്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതിയും യുഡിഎഫിന്റെ നിയന്ത്രണത്തിലാണ്. ബാങ്ക് മാനേജറുടെയും മറ്റ് ജീവനക്കാരുടെയും ഒത്താശയോടെയായിരുന്നു തട്ടിപ്പ്.