തളിപ്പറമ്പില്‍ ജയിംസ് മാത്യുവിന് രണ്ടാം അങ്കം
കഴിഞ്ഞ തവണ കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തളിപ്പറമ്പില്‍ നിന്നും ജയിച്ച ജയിംസ് മാത്യു ഇത്തവണ ഭൂരിപക്ഷമുയര്‍ത്താനുളള തയ്യാറെടുപ്പിലാണ്
ഇടത് കോട്ടയായ തളിപ്പറമ്പില്‍ രണ്ടാം അങ്കത്തിനൊരുങ്ങുകയാണ് ജയിംസ് മാത്യു. കഴിഞ്ഞ തവണ കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് തളിപ്പറമ്പില്‍ നിന്നും ജയിച്ച ജയിംസ് മാത്യു ഇത്തവണ ഭൂരിപക്ഷമുയര്‍ത്താനുളള തയ്യാറെടുപ്പിലാണ്. യുഡിഎഫ് കേരള കോണ്‍ഗ്രസിന് നല്‍കിയ മണ്ഡലത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇവര്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല.
മണ്ഡല രൂപീകരണത്തിനു ശേഷം ഒരൊറ്റ തവണ മാത്രമെ തളിപ്പറമ്പില്‍ ഇടതിന് കാലിടറിയിട്ടുളളൂ. അതും 1970ല്‍. പിന്നെയിങ്ങോട്ട് തളിപ്പറമ്പ് ചുവന്നു തന്നെ നിന്നു. പാര്‍ട്ടി നടപടി നേരിട്ട സി.കെ.പി പത്മനാഭനു പകരക്കാരനായാണ് കഴിഞ്ഞ തവണ സി.പി.എം ജയിംസ് മാത്യുവിനെ മത്സരരംഗത്തിറക്കിയത്. പാര്‍ട്ടിക്ക് പിഴച്ചില്ല, 27861 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തളിപ്പറമ്പില്‍ നിന്നും ജയിംസ് മാത്യു നിയമസഭയിലെത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങളും ഒപ്പം യു.ഡി.എഫ് സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ജയിംസ് മാത്യു രണ്ടാം വട്ടം മത്സരത്തിനൊരുങ്ങുന്നത്.
കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ ജോബ് മൈക്കിളായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇത്തവണയും യു.ഡി.എഫ് ഈ സീറ്റ് മാണി വിഭാഗത്തിനു തന്നെയാണ് നല്‍കിയിട്ടുളളത്. യൂത്ത് ഫ്രണ്ട് നേതാവ് സജി കുറ്റ്യാനിമറ്റം സ്ഥാനാര്‍ത്ഥിയാവും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഈ സീറ്റ് മാണിവിഭാഗം കോണ്‍ഗ്രസിന് തിരിച്ചു നല്‍കിയേക്കുമെന്നും കേള്‍ക്കുന്നു. മധ്യകേരളത്തില്‍ എവിടെങ്കിലും ഒരു സീറ്റ് പകരമായി നല്‍കണമെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ ആവശ്യം.