ബാര്‍കോഴക്കേസില്‍ ഗുഢാലോചന; ബിജു രമേശില്‍ നിന്നു മൊഴിയെടുത്തു
ബാര്‍കോഴക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമ ബിജുരമേശില്‍ നിന്ന് മൊഴിയെടുത്തു.
ബാര്‍കോഴക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ബാറുടമ ബിജുരമേശില്‍ നിന്ന് മൊഴിയെടുത്തു. ബാര്‍കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി സുകേശനുമായി ബിജു രമേശ് ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്. അതേസമയം, കെഎം മാണിയെയും കെ ബാബുവിനെയും രക്ഷിക്കാനുളള ശ്രമമാണ് നടക്കുന്നതെന്ന് ബിജുരമേശ് പ്രതികരിച്ചു.
ക്രൈംബ്രാഞ്ച് എസ് ഉണ്ണിരാജനാണ് ബിജുരമേശില്‍ നിന്ന് മൊഴിയെടുത്തത്. തിരുവനന്തപുരം ഗസ്റ്റ്ഹൌസില്‍ നടന്ന മൊഴിയെടുപ്പ് ഒന്നരമണിക്കൂര്‍ നീണ്ടുനിന്നു. ബാര്‍കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ് പി ആര്‍ സുകേശന്റെ നിര്‍ദേശ പ്രകാരമാണ് ബിജുരമേശ് മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാണ് കേസ്. അസോസിയേഷന്‍ യോഗത്തിലെ ബിജുരമേശിന്റെ ശബ്ദരേഖയാണ് ഇതിന് തെളിവായി അന്വേഷണം സംഘം സ്വീകരിച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്കെതിരായ ശബ്ദരേഖ തെളിവായി സ്വീകരിക്കാതെ സുകേശനെതിരായ പരാമര്‍ശം മാത്രം തെളിവായി പരിഗണിച്ച നിലപാട് കേസ് അട്ടിമറിക്കുന്നതിനാണെന്ന് ബിജുരമേശ് പ്രതികരിച്ചു. മൊഴി നല്‍കുന്നതിന് ബിജുരമേശ് സമയം നീട്ടി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ക്രൈംബ്രാഞ്ച് അതനുവദിച്ചില്ല.