കനത്തമഴയില്‍ വ്യാപക നാശനഷ്ടം
കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം രേഖപ്പെടുത്തി.
കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം രേഖപ്പെടുത്തി. ഈ മാസം 21 ആം തീയതി വരെ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് 412 വീടുകളാണ് ഭാഗികമായി നശിച്ചത്. 16 വീടുകള്‍ പൂര്‍ണമായി നശിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം രേഖപ്പെടുത്തിയത്. 14 വീടുകള്‍ പൂര്‍ണമായി നശിച്ചു. 374 വീടുകള്‍ ഭാഗികമായും നശിച്ചു. പാലക്കാട് ഇടുക്കി ജില്ലകളില്‍ ഓരോ വീടുകളും പൂര്‍ണമായി നശിച്ചു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ആലപ്പുഴ ജില്ലയിലാണ്. 28 എം എം മഴയാണ് ജില്ലയിലുണ്ടായത്.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍കോട് മലയോര പ്രദേശങ്ങളില്‍ രാത്രിസഞ്ചാരം നിരോധിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ് ചിലയിടങ്ങളില്‍ ഗതാഗതവും വൈദ്യുതിയും മണിക്കൂറുകളോളം തടസ്സപ്പെട്ടു.