കേരള ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്റെ മില്ലുകള്‍ അടച്ചുപൂട്ടിയതിനെതിരെ സമരം
കേരളാ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള നാല് സ്പിന്നിംഗ് മില്ലുകള്‍ അടച്ചു പൂട്ടിയതിനു പിന്നാലെ തൊഴിലാളികള്‍ സമരം തുടങ്ങി.
കേരളാ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള നാല് സ്പിന്നിംഗ് മില്ലുകള്‍ അടച്ചു പൂട്ടിയതിനു പിന്നാലെ തൊഴിലാളികള്‍ സമരം തുടങ്ങി. വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് മില്ലുകളിലേക്കുള്ള വൈദ്യുതി നേരത്തെ വിച്ഛേദിച്ചിരുന്നു. ഇതോടെയാണ് മില്ലുകളുടെ പ്രവര്‍ത്തനവും നിലച്ചത്.
കോഴിക്കോട് തിരുവണ്ണൂരിലെ മലബാര്‍ സ്പിന്നിംഗ് മില്‍, മലപ്പുറം എടരിക്കോട് സ്പിന്നിംഗ് മില്‍, കോട്ടയം ടെക്സറ്റൈല്‍സ് ചെങ്ങന്നൂരിലെ പ്രഭുറാം മില് എന്നിവടങ്ങളിലെ വൈദ്യുതി ബന്ധമാണ് കെഎസ്ഇബി അധികൃതര്‍ നേരത്തെ വിച്ഛേദിച്ചത്. ആറ് കോടി രൂപയോളമായിരുന്നു കുടിശിക ഇനത്തില്‍ കെഎസ്ഇബിക്ക് നല്‍കാനുണ്ടായിരുന്നത്. ഇതോടെ മില്ലുകളുടെ പ്രവര്‍ത്തനം നിലച്ചു. ഈ സാഹചര്യത്തിലാണ് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. കമ്പനിയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. സര്‍ക്കാര്‍ നേരത്തെ സ്പിന്നിംഗ് മില്ലുകളുടെ നവീകരണത്തിനായി 56 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കോര്‍പ്പറേഷനെ നഷ്ടത്തില്‍ നിന്നും കരകയറ്റാന്‍ സാധിച്ചില്ല. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ 31 കോടി രൂപയുടെ അടിയന്തര ധനസഹായം തേടി കമ്പനി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.