കെപിസിസി പ്രസിഡന്‍റ് ചുമതല എം എം ഹസന് നല്‍കണമെന്ന് എ ഗ്രൂപ്പ്

Update: 2017-12-23 20:39 GMT
Editor : Sithara
കെപിസിസി പ്രസിഡന്‍റ് ചുമതല എം എം ഹസന് നല്‍കണമെന്ന് എ ഗ്രൂപ്പ്
Advertising

പുതിയ പ്രസിഡന്‍റിനെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിയമിച്ചാല്‍ മതിയെന്നും എ ഗ്രൂപ്പ്

കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല എം എം ഹസന് നല്‍കാന്‍ എ ഗ്രൂപ്പ് നിര്‍ദേശം. പുതിയ പ്രസിഡന്‍റിനെ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം നിയമിച്ചാല്‍ മതിയെന്നും എ ഗ്രൂപ്പ്. അതേസമയം പ്രസിഡന്‍റ് കാര്യത്തില്‍ ഐ ഗ്രൂപ്പ് വ്യക്തമായി നിലപാടിലേക്കെത്തിയില്ല. അതിനിടെ ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന അഭിപ്രായത്തിന് എ ഗ്രൂപ്പില്‍ ശക്തിയേറി.

Full View

വി എം സുധീരന്‍ രാജിവെച്ച ഒഴിവില്‍ താല്ക്കാലിക ചുമതല നല്‍കുകയാണോ പുതിയ പ്രസിഡന്‍റിനെ നിയമിക്കുകയാണോ എന്നതില്‍ ഹൈകമാന്‍ഡ് ഇതുവരെ നിലപാട് എടുത്തിട്ടില്ല. ഇതിനിടെയാണ് ഇപ്പോള്‍ ചുമതല നല്‍കിയാല്‍ മതിയെന്നും പുതിയ പ്രസിഡന്‍റ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്ന നിര്‍ദേശം എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. കെ സി ജോസഫ്, എം എം ഹസന്‍, തിരുവ‍ഞ്ചൂര്‍, പി ടി തോമസ് എന്നീ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും കെപിസിസി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെക്കാള്‍ നല്ലൊരു നിര്‍ദേശമില്ലെന്ന അഭിപ്രായത്തിന് എ ഗ്രൂപ്പില്‍ പിന്തുണ വര്‍ധിച്ചിട്ടുണ്ട്. സ്ഥാനങ്ങളേല്‍ക്കാനില്ലെന്ന നിലപാടില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാറിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് താല്ക്കാലിക ചുമതലയെന്ന നിലപാടില്‍ എ ഗ്രൂപ്പ് എത്തിയത്. എം എം ഹസനാണ് എ ഗ്രൂപ്പിന്‍റെ നിര്‍ദേശം.

എ ഗ്രൂപ്പ് നിലപാട് ഉമ്മന്‍ചാണ്ടി ഹൈകമാന്‍ഡ് വൃത്തങ്ങളെയും രമേശ് ചെന്നിത്തലയെയും അറിയിച്ചു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെങ്കിലും നിലപാട് ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. വി ഡി സതീശന്‍, കെ മുരളീധരന്‍, കെ സുധാകരന്‍ എന്നിങ്ങനെ തങ്ങളുടെ നോമിനികള്‍ ഉള്ളതിനാല്‍ ഹൈകമാന്‍ഡ് നിലപാട് അറിഞ്ഞ ശേഷം ചര്‍ച്ച തുടങ്ങാമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്. എ കെ ആന്‍റണി ഉള്‍പ്പെടെ മറ്റു മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഹൈകമാന്‍ഡ് തീരുമാനത്തിലെത്തുക. മലപ്പുറം തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തീരുമാനം വൈകരുതെന്നാണ് പാര്‍ട്ടിയിലെ പൊതുഅഭിപ്രായം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News