പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം; പൊലീസില്‍ പരാതി നല്‍കി
21 ലക്ഷത്തി 70പതിനായിരം രൂപ വിലയുള്ള ആഭരണങ്ങള്‍ കാണാതായെന്നാണ് ഓഫീസറുടെ പരാതിയിലുള്ളത്
അതീവ സുരക്ഷ സംവിധാനങ്ങൾ നിലനില്‍ക്കെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലയുള്ള ആഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഇത് സംബന്ധിച്ച് ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കി. 21.70 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങള്‍ കാണാതായെന്നാണ് ഓഫീസറുടെ പരാതിയിലുള്ളത്.
പുതിയ പെരിയനമ്പി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ കണക്കെടുപ്പിലാണ് കാലങ്ങളായി കൈമാറി വരുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ആഭരണങ്ങളില്‍ പലതും കാണാതായതായി ശ്രദ്ധയില്‍പെട്ടത്. ഈ മാസം ഒന്നാം തീയതി ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. വൈരക്കല്ലുകള്‍, വജ്രക്കല്ലുകള്‍, മരതകക്കല്ലുകള്‍, മാണിക്യക്കല്ലുകള്‍ എന്നിവയുൾപ്പെടെ 21.70 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളാണ് കാണാതായത്. 2013 മുതല്‍ 2016 വരെ സേവനമനുഷ്ടിച്ച പെരിയനമ്പിയുടെ ചുമതലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്. ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര എക്സിക്യുട്ടീവ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കി.
റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഓഡിറ്റ് നടത്തി നഷ്ടപ്പെട്ടെന്ന് സ്ഥിരീകരിച്ച ശേഷമാണ് പൊലീസിന് പരാതി നല്‍കിയത്. പൊലീസിന് പരാതി നല്‍കാന്‍ നിയമോപദേശവും ലഭിച്ചു. ആഭരണങ്ങളുടെ ചുമതലയുണ്ടായിരുന്ന പെരിയനമ്പിക്ക് കാലാവധി നീട്ടി നല്‍കിയതുമായി ബന്ധപ്പെട്ടും സംശയങ്ങളുണ്ട്. പുതിയ പെരിയനമ്പിയെ തെരഞ്ഞെടുത്ത ശേഷവും പഴയ പെരിയനന്പിക്ക് കാലാവധി നീട്ടി നല്‍കിയെന്നും ആരോപണമുണ്ട്. ആഭരണങ്ങള്‍ കാണാതായ വിവരം സുപ്രീംകോടതി അമിക്കസ് ക്യൂറി ഉൾപ്പെടെ ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.