ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ സര്‍ക്കാര്‍
തൊഴില്‍ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്
ഇതര സംസ്ഥാനത്തൊഴിലാളികളെ മലയാളം പഠിപ്പിക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. തൊഴില്‍ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളുള്ള എറണാകുളം പെരുമ്പാവൂരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോള്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇതിന്റെ നിര്‍വഹണം. ഇതിനായി എല്ലാ ജില്ലകളിലെയും ഇതരസംസ്ഥാനക്കാര്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ സര്‍വെ നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. ഇവിടങ്ങളില്‍ വൈകാതെ തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും.
മലയാളം പഠിക്കുന്നത് തദ്ദേശീയരായ തൊഴിലാളികളെപ്പോലെ തന്നെ ജോലി ചെയ്ത് ജീവിക്കാന്‍ ഇതരസംസ്ഥാനക്കാരെയും പ്രാപ്തരാക്കുമെന്നാണ് തൊഴില്‍ വകുപ്പിന്റെ കണക്കുകൂട്ടല്‍.