മലാപറമ്പ് സ്‍കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമറിയാം
മലാപറമ്പ് എയുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭ യോഗം അന്തിമ തീരുമാനം എടുക്കും.
മലാപറമ്പ് എയുപി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ നാളെ ചേരുന്ന മന്ത്രിസഭ യോഗം അന്തിമ തീരുമാനം എടുക്കും. സ്കൂള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് അഡ്വക്കറ്റ് ജനറല്‍ ഹൈകോടതിയെ അറിയിക്കും. ഏറ്റെടുക്കുന്നതിനുള്ള ബാധ്യത സംബന്ധിച്ച കണക്ക് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.
ഇന്ന് രാവിലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് ആലോചന നടന്നിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിലുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായാണ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ ഉണ്ടാകുന്ന ബാധ്യത സംബന്ധിച്ച് കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ജില്ലാ കലക്ടര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. 33 സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വരിക. ഒരു സെന്റിന് 16 ലക്ഷം രൂപയാണ് കണക്കാക്കിയിരിക്കുന്നത്. 5 കോടി 28 ലക്ഷം രൂപ സ്കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ചെലവാകുക. മന്ത്രിസഭ യോഗത്തിലെ അന്തിമ തീരുമാനം എടുത്താല്‍ സ്കൂള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കാര്യം എജി നാളെ ഹൈകോടതിയെ അറിയിക്കും.