ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
ആരോപണ വിധേയര്‍ക്കെതിരെ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴക്കേസിലെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായി. ആരോപണ വിധേയര്‍ക്കെതിരെ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ബിജെപി നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ജയകുമാര്‍ അടുത്തമാസം ആദ്യം റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.
പാര്‍ലമെന്റിലടക്കം ബിജെപി നേതാക്കളെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴക്കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ആരോപണ വിധേയര്‍ക്ക് ആശ്വസിക്കാം. ബിജെപി നേതാക്കള്‍ പണം വാങ്ങിയതിന് തെളിവില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നേതാക്കള്‍ പണം വാങ്ങിയെന്ന് കണ്ടെത്തിയ ബിജെപിയുടെ ആഭ്യന്തര സമിതി അംഗങ്ങളായ കെ പി ശ്രീശനും എ കെ നസീറും പ്രചരിക്കുന്ന റിപ്പോര്‍ട്ട് തങ്ങള്‍ തയ്യാറാക്കിയതല്ലെന്നാണ് മൊഴി നല്‍കിയത്. 5.60 ലക്ഷം രൂപ നേതാക്കള്‍ക്ക് കോഴകൊടുത്തത് വര്‍ക്കലയിലെ എസ് ആര്‍ കോളേജ് ഉടമ ഷാജിയാണന്ന് ബിജെപി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടങ്കിലും താന്‍ ആര്‍ക്കും പണം നല്‍കിയിട്ടില്ലന്നാണ് ഷാജി വിജിലന്‍സിന് നല്‍കിയ മൊഴി. നേതാക്കള്‍ കോഴ കൈപ്പറ്റിയെന്ന റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മൊഴി നല്‍കി. ഡല്‍ഹിയിലെ ഇടനിലക്കാരനെന്ന് കരുതുന്ന സതീഷ് നായരെ ചോദ്യം ചെയ്തെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല.
ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ ബിജെപി സഹകരണ സെല്‍ കണ്‍വീനറായ ആര്‍ എസ് വിനോദ്, എം ടി രമേശ് എന്നിവര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് വിജിലന്‍സ് തയ്യാറാക്കിയിരിക്കുന്നത്. കോഴ വാങ്ങിയെന്ന് ആരോപണമുള്ള നേതാക്കള്‍ ജനപ്രതിനിധികളോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ വിജിലന്‍സിന് നിയമപരമായി കഴിയില്ലെന്ന കാര്യവും ഡയറക്ടര്‍ക്ക് അടുത്ത മാസം ആദ്യം നല്‍കുന്ന റിപ്പോര്‍ട്ടിലുണ്ട്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് രണ്ടിലെ എസ്പി കെ ജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.