കോഴിക്കോടും കോളറ സ്ഥിരീകരിച്ചു
കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശി ശശിധരനാണ് കോളറ സ്ഥിരീകരിച്ചത്.
മലപ്പുറം, പാലക്കാട് ജില്ലകള്‍ക്ക് പിന്നാലെ കോഴിക്കോട്ടും കോളറ സ്ഥിരീകരിച്ചു. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ എടക്കാട് സ്വദേശി ശശിധരനാണ് കോളറ സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴിഞ്ഞ പതിനാറിന് വയറിളക്കം ബാധിച്ച് ശശിധരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മണിപ്പാലിലെ ലാബില്‍ നടത്തിയ മലപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. എന്നാല്‍ ശശിധരന്റെ ആരോഗ്യത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോളറ സ്ഥിരീകരിച്ചതോടെ മുഴുവനാളുകളും ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ എല്‍ സരിത നിര്‍ദേശം നല്‍കിയി. വയറിളക്കം വന്നാല്‍ എത്രയും പെട്ടെന്ന് ചിക്തിസ തേടുക, കുടിവെള്ള സ്രോതസ്സുകള്‍ ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക, ആഹാരത്തിനു മുന്‍പും കക്കൂസ് ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, പഴം പച്ചക്കറി എന്നിവ കഴുകി ഉപയോഗിക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. വയറിളക്കരോഗം നിയന്ത്രിക്കാനുള്ള ഓ ആര്‍ എസ് പാക്കറ്റുകള്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. കോളറ റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിച്ചുവെന്നും ഡി എം ഒ അറിയിച്ചു.