മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദം; കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി
ഒരു മാസത്തിനുള്ളിൽ മറുപടി നൽകണം, മറുപടി തൃപ്തികരമല്ലെങ്കിൽ നടപടി
തിരുവനന്തപുരം: മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണൻ ഐഎഎസിന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറിയാണ് ചാർജ് മെമ്മോ നൽകിയത്. ഗോപാലകൃഷ്ണൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇടയിൽ വിഭാഗീതയുണ്ടാക്കാൻ ശ്രമിച്ചു എന്നും സർവീസ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും മെമ്മോയിലുണ്ട്. ഒരു മാസത്തിനുള്ളിൽ മറുപടി നൽകണമെന്ന് ചീഫ് സെക്രട്ടറി. മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടിയിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ചില കുറ്റങ്ങൾ ചെയ്‌തെന്ന കണ്ടെത്തലിന് പിന്നാലെ ഗോപാലകൃഷ്ണനെ സസ്‌പെൻഡ് ചെയ്തിരുന്നു. സംസ്ഥാനത്തിന് പുറമെ ഐഎഎസ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ നിരവധി സാങ്കേതിക നടപടികളുണ്ട്. കുറ്റാരോപിതന് മറുപടി നൽകാൻ ഒരവസരം എന്ന നിലയിലാണ് കുറ്റാന്വേഷണ മെമ്മോ നൽകിയത്.
സസ്‌പെൻഷനിലുള്ള ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം.ജില്ലാ ഗവ.പ്ലീഡർ, സിറ്റി പൊലീസ് കമ്മീഷണർക്കാണ് നിയമോപദേശം നൽകിയിട്ടുണ്ട്. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറി നൽകിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകർക്കാനും മതസ്പർധ വളർത്താനും വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്നാണ് ഗവ.പ്ലീഡർ അറിയിക്കുന്നത്.ഫോൺ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറൻസിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.