കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തില്‍ 11 പ്രതികള്‍

Update: 2018-03-26 09:47 GMT
കോടനാട് എസ്‌റ്റേറ്റ് കൊലപാതകത്തില്‍ 11 പ്രതികള്‍
Advertising

വീടിന്റെ വാതിലും ജനലും തകര്‍ത്ത് അകത്ത് കടന്ന സംഘത്തിന് പണമൊന്നും കണ്ടെത്താനായില്ല. ഒരു സ്ഫടിക ശില്‍പവും ജയലളിതയുടെ അഞ്ച് വാച്ചുകളും സംഘം മോഷ്ടിച്ചു

Full View

ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കോടനാട് എസ്‌റ്റേറ്റില്‍ സുരക്ഷാ ജീവനക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പതിനൊന്ന് പ്രതികളുണ്ടെന്ന് തമിഴ്‌നാട് പൊലീസ്. ഇവരില്‍ നാല് പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കോടനാട് എസ്‌റ്റേറ്റില്‍ നിന്ന് മോഷണം പോയ സ്ഫടിക ശില്‍പം കണ്ടെത്തി. മോഷണം പോയ ജയലളിതയുടെ വാച്ചുകള്‍ പ്രതികള്‍ നദിയിലെറിഞ്ഞുവെന്നും അന്വേഷണ സംഘം വിശദീകരിച്ചു.

ഏപ്രില്‍ 23 ന് രാത്രി മൂന്ന് വാഹനങ്ങളിലായാണ് പ്രതികള്‍ കോടനാട് എസ്‌റ്റേറ്റിലെത്തിയത്. സുരക്ഷാ ജീവനക്കാരായ ഓം ബഹാദൂറിനെയും കൃഷ്ണ ഥാപ്പയെയും ആക്രമിച്ച സംഘം ഓം ബഹാദൂറിനെ വധിക്കുകയും കൃഷ്ണ ഥാപ്പയെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വീടിന്റെ വാതിലും ജനലും തകര്‍ത്ത് അകത്ത് കടന്ന സംഘത്തിന് പണമൊന്നും കണ്ടെത്താനായില്ല. ഒരു സ്ഫടിക ശില്‍പവും ജയലളിതയുടെ അഞ്ച് വാച്ചുകളും സംഘം മോഷ്ടിച്ചു. സ്ഫടിക ശില്‍പം അന്വേഷണ സംഘം കണ്ടെത്തി. വാച്ചുകള്‍ നദിയിലെറിഞ്ഞുവെന്ന് പിടിയിലായവര്‍ പറഞ്ഞു.

മോഷണത്തിന് ശേഷം സംഘത്തിലെ ആറ് പേര്‍ ഇന്നോവ കാറിലും എന്‍ഡവര്‍ കാറിലുമായി ഗൂഡല്ലൂര്‍ ഭാഗത്തേക്ക് പോയി. ബാക്കിയുള്ളവര്‍ ബസിലും രക്ഷപ്പെട്ടു. മോഷണം ആസൂത്രണം ചെയ്ത കനകരാജ് ശനിയാഴ്ച രാവിലെ സേലത്തിനടുത്ത് ആത്തൂരില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറുമായി കൂട്ടിയിടിച്ച് മരിച്ചു. കനകരാജിന്റെ സുഹൃത്തും കേസില്‍ മറ്റുള്ളവരെ സംഘടിപ്പിക്കാന്‍ സഹായിച്ചയാളുമായ സയാനും കുടുംബവും സഞ്ചരിച്ച കാര്‍ ഇതേ സമയം പാലക്കാട് കണ്ണാടിയില്‍ ദേശീയപാതയില്‍ അപകടത്തില്‍ പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

സയാന്റെ ഭാര്യ വിനുപ്രിയയും മകള്‍ നീതുവും അപകടത്തില്‍ മരിച്ചു. സയാന്‍ കോയന്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാളില്‍ നിന്ന് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News