മൂന്നാറില്‍ കാട്ടാനശല്യം രൂക്ഷം
മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ മേഖലകളില്‍ കാട്ടാനശല്യം വ്യാപകമാകുന്നു.
മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍ മേഖലകളില്‍ കാട്ടാനശല്യം വ്യാപകമാകുന്നു. കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാട്ടാനാക്കൂട്ടത്തെ തുരത്താന്‍ വനവകുപ്പ് തയ്യാറാകുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനശല്യം ഉള്ളതിനാല്‍ പുറത്തിറങ്ങാനാവാതെ വീട്ടിനുള്ളില്‍ കഴിയേണ്ട അവസ്ഥയിലാണ് തോട്ടം തൊഴിലാളികള്‍.
ഇത് മൂന്നാര്‍, ചിന്നകനാല്‍, ബൈസണ്‍ വാലി തുടങ്ങിയ തോട്ടം തൊഴിലാളി മേഖലകളിലെ പതിവ് കാഴ്ച്ചകളില്‍ ഒന്നാണ്. ആനകള്‍ പെറ്റുപെരുകുകയും അവയുടെ സഞ്ചാര വീഥികളായ ആനത്താരകള്‍ കെട്ടി അടക്കപ്പെടുകയും ചെയ്തതോടെയാണ് കാട്ടാനക്കൂട്ടം നാട്ടിലേക്ക് ഇറങ്ങാന്‍ ആരംഭിച്ചത്. ആദ്യകാലങ്ങളില്‍ തോട്ടങ്ങളില്‍ എത്തുന്ന
ആനകൂട്ടം കൃഷി നശിപ്പിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് മനുഷ്യരെ ആക്രമിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത് 15 തോട്ടം തൊഴിലാളികള്‍ക്കാണ്.
വൈദ്യുതി വേലികള്‍ കെട്ടി തങ്ങളുടെ കൃഷിയിടങ്ങള്‍ സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷെ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് വനംവകുപ്പ് നാട്ടുകാരുടെ ആവശ്യം നിരാകരിക്കുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.