ഓഖി ദുരന്തം: കേരള തീരത്തു നിന്ന് പോയ 216 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍
വിവിധ തീരങ്ങളില്‍ നിന്ന് 216 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്. ഇതില്‍ 141 പേര്‍ മലയാളികളാണ്.
ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു. വിവിധ തീരങ്ങളില്‍ നിന്ന് 216 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ട്. ഇതില്‍ 141 പേര്‍ മലയാളികളാണ്. ഇതര സംസ്ഥാന തൊഴിലാളികളായ 75 പേരെയും ഇതുവരെ കണ്ടെത്താനായില്ല.
ഓഖി ദുരന്തം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്‍റെ പുതിയ കണക്കുകള്‍ വരുന്നത്. 141 മലയാളികളെ കാണാനില്ല. ഒപ്പം കേരളാ തീരത്ത് നിന്ന് വലിയ ബോട്ടുകളില്‍ കടലില്‍ പോയ 75 ഇതര സംസ്ഥാനക്കാരെയും കാണാനില്ല. മൊത്തം 216 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലയാളികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതര സംസ്ഥാനക്കാരെ കുറിച്ച് തീര സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും റിലീഫ് സെക്രട്ടറിമാരുമായും കേരള സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താന്‍ ഉന്നതതലത്തിലുള്ള ഏകോപനം ആവശ്യമാണ്.
കേരളത്തില്‍ നിന്ന് 149 പേരെയും കന്യാകുമാരിയില്‍ നിന്ന് 149 പേരെയും ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ സഭ പറയുന്നത്. മൊത്തം 298 പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്കുകള്‍. തമിഴ്നാട്ടില്‍ നിന്നുള്ള നൂറിനടുത്ത് പേര്‍ കേരളാ തീരത്ത് നിന്നാണ് കടലില്‍ പോയതെന്നാണ് സഭ പറയുന്നത്.