മാണി അഴിമതി വീരന്‍; ലീഗ് വര്‍ഗീയ പാര്‍ട്ടി: വിഎസ്
മുസ്ലിം ലീഗിനോടും കേരള കോണ്‍ഗ്രസിനോടും യോജിക്കാനാകില്ലെന്ന് വി എസ് അച്യുതാനന്ദന്‍
കെ എം മാണിയോടും ലീഗിനോടുമുളള സിപിഎമ്മിന്റെ മൃദുസമീപനത്തിനെതിരെ ഇടതുമുന്നണിയിൽ എതിർപ്പ് ശക്തമാകുന്നു. മാണിക്കും ലീഗിനുമെതിരെ രൂക്ഷവിമർശവുമായി വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തി. മാണി അഴിമതിക്കാരനും ലീഗ് വർഗീയ പാർട്ടിയാണെന്നും വിഎസ് പറഞ്ഞു. പ്രശ്നത്തിൽ സിപിഐയും നിലപാട് കടുപ്പിച്ചു.
കെ എം മാണിയേയും മുസ്ലിം ലീഗിനേയും എൽഡിഎഫുമായി സഹകരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതിനിടെയാണ് രൂക്ഷവിമർശവുമായി വിഎസ് രംഗത്തെത്തിയത്. അഴിമതിയും വർഗീയതയും പേറുന്ന പാർട്ടികളുമായി സഹകരിക്കാൻ ഇടതുമുന്നണിക്കാവില്ലെന്നായിരുന്നു വിഎസിന്റെ പ്രതികരണം. മുന്നണി വിപുലീകരണം സംബന്ധിച്ച് ദേശാഭിമാനിയിൽ വന്ന ലേഖനം എൽഡിഎഫിന്റെ നിലപാടല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. എന്നാൽ കേരള കോൺഗ്രസുമായും ലീഗുമായും സഹകരിക്കുന്ന കാര്യം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു
മാണിയുമായി പ്രശ്നാധിഷ്ടിത സഹകരണമാകാമെന്നായിരുന്നു നേരത്തെ കോടിയേരി ബാലകൃഷണൻ പറഞ്ഞിരുന്നത്. കേരള കോൺഗ്രസിനെയും ലീഗിനെയും എൽഡിഎഫിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് ദേശാഭിമാനി മുഖപ്രസംഗം എഴുതുകയും ചെയ്തിരുന്നു. എന്നാൽ സിപിഐക്ക് പിന്നാലെ വിഎസും എതിർപ്പുയർത്തിയതതോടെ ഇക്കാര്യത്തിൽ സിപിഎം നേതൃത്വം പ്രതിരോധത്തിലാവുകയാണ്.