ഫീസ് അനിശ്ചിതത്വത്തിനിടെ മെഡിക്കല്‍ രണ്ടാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
സുപ്രിം കോടതിയില്‍ കേസിന് പോയ കെഎംസിറ്റി, ശ്രീനാരായണ എറണാകുളം എന്നീ കോളജുകള്‍ക്ക് 11 ലക്ഷവും മറ്റു സ്വാശ്രയ കോളജുകള്‍ക്ക് 5 ലക്ഷവും ഫീസ് അനുവദിച്ചാണ് അലോട്ട്മെന്‍റ്
ഫീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. സുപ്രിം കോടതിയില്‍ കേസിന് പോയ കെഎംസിറ്റി, ശ്രീനാരായണ എറണാകുളം എന്നീ കോളജുകള്‍ക്ക് 11 ലക്ഷവും മറ്റു സ്വാശ്രയ കോളജുകള്‍ക്ക് 5 ലക്ഷവും ഫീസ് അനുവദിച്ചാണ് അലോട്ട്മെന്‍റ്. അതിനിടെ ഫീസ് വര്‍ധനക്കെതിരെ സര്‍ക്കാരും കരാര്‍ നിലനിര്‍ത്താന്‍ എംഇഎസും സുപ്രിംകോടതിയെ സമീപിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
ഇന്നലെ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന രണ്ടാം അലോട്ട്മെന്‍റ് ഫലം ഇന്ന് വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഫീസ് സംബന്ധിച്ച ആശയക്കുഴപ്പമാണ് അലോട്ട്മെന്‍റ് വൈകാന്‍ കാരണം. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ ഒഴികെ എല്ലാ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് എന്നതായിരുന്ന ആദ്യ ധാരണ. എന്നാല്‍ സുപ്രിം കോടതി ഉത്തരവ് പ്രകാരം ഫീസ് വര്‍ധനക്കായി കോടതിയെ സമീപിച്ച കെഎംസിറ്റി, ശ്രീനാരാണ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എറണാകുളം എന്നീ കോളജുകള്‍ക്ക് മാത്രം 11 ലക്ഷം അനുവദിച്ചാല്‍ മതിയെന്ന് തീരുമാനത്തിലെത്തുകയായിരുന്നു. മറ്റു സ്വാശ്രയ കോളജുകള്‍ക്ക് ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച 5 ലക്ഷം ഫീസാണ് നല്‍കിയിരിക്കുന്നത്. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകളില്‍ അവര്‍ നേരത്തെ വ്യക്തമാക്കിയപോലെ 5 ലക്ഷമാണ് ഫീസ്.
സര്‍ക്കാരുമായുള്ള കരാറിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈകോടതി നടപടിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്ന എംഇഎസ്, കാരക്കോണം മെഡിക്കല്‍ കോളജുകളെ രണ്ടാം അലോട്ട്മെന്‍റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ന്യൂനപക്ഷ കോളജുകളിലെ സാമുദായിക ക്വാട്ടയിലേക്കുള്ള അലോട്ട്മെന്‍റും നടത്തിയിട്ടില്ല. ആരോഗ്യ സര്‍വകലാശാലയുടെ അനുമതിയില്ലാത്ത കരുണ, കണ്ണൂര്‍, മലബാര്‍, ഇതിനിടെ പരമാവധി ഫീസ് 11 ലക്ഷമാക്കിയ സുപ്രിം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധനാ ഹരജി ഫയല്‍ ചെയ്തു. കരാറിലെ വ്യവസ്ഥകള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എംഇഎസും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹരജികളും തിങ്കളാഴച കോടതി പരിഗണിക്കും.
ഫീസ്നിര്‍ണയം സംബന്ധിച്ച കേസില്‍ ഹൈകോടതി വിധി പറയുന്നതും തിങ്കളാഴ്ചയാണ്. ഇന്നത്തെ അലോട്ട്മെന്‍റില്‍ പ്രവേശം ലഭിച്ചവര്‍ 24 ന് മുന്‍പായി പ്രവേശം നേടണമെന്നാണ് പ്രവേശ പരീക്ഷാ കമ്മീഷണറുടെ നിര്‍ദേശം.