സിപിഎം സംസ്ഥാന കമ്മറ്റിയോഗം ഇന്ന് ; മണിക്കെതിരെ പാര്‍ട്ടിതല നടപടി ഇന്നുണ്ടായേക്കും
തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന മണിക്കെതിരെ നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു
മന്ത്രി എംഎം മണിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാനകമ്മിറ്റിയോഗം ഇന്നാരംഭിക്കും. തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന മണിക്കെതിരെ നടപടിയെടുക്കാന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചിരുന്നു. അതിനിടെ സിപിഐയുടെ നേതൃയോഗങ്ങളും ഇന്നാരംഭിക്കും.
മന്ത്രിസ്ഥാനത്ത് ഇരുന്ന കൊണ്ട് എംഎം മണി തുടര്‍ച്ചയായി വിവാദപ്രസ്താവനകള്‍ നടത്തുന്നത് പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മണിക്കെതിരെ പാര്‍ട്ടി തല അച്ചടക്ക നടപടി സ്വീകരിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. എന്ത് നടപടി വേണമെന്ന കാര്യത്തില്‍ ഇന്ന് ആരംഭിക്കുന്ന സംസ്ഥാനസമിതി യോഗത്തിലായിരിക്കും തീരുമാനമുണ്ടാവുക. ശാസന,പരസ്യശാസന,താക്കീത് അടക്കമുളഅള ചെറിയ നടപടികളെ മണിക്കെതിരെ ഉണ്ടാകൂ എന്നാണ് സൂചന.സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത് പൊലെ സംസ്ഥാനകമ്മിറ്റി യോഗത്തിലും മണിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.
മൂന്നാര്‍ കയ്യേറ്റ വിഷയവും ടിപി സെന്‍കുമാര്‍ കേസിലെ വിധിയും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെതിരെ പരസ്യവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സിപിഐക്കെതിരേയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്ന് വരും. സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങളും ഇന്നാരംഭിക്കും.ഇന്ന് എക്സിക്യൂട്ടീവ് യോഗവും തുടര്‍ന്നുള്ള രണ്ട് ദിവസം കൌണ്‍സില്‍ യോഗവുമാണ് നടക്കുന്നത്. മൂന്നാറുല്‍ കയ്യേറ്റം ഒഴിപ്പിക്കുന്ന റവന്യൂവകുപ്പിന് യോഗത്തില്‍ പൂര്‍ണ്ണ പിന്തുണ ലഭിക്കും. മുഖ്യമന്ത്രിക്കെതിരെയേും സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരേയും സിപിഐ യോഗത്തില്‍ വിമര്‍ശം ഉയര്‍ന്ന് വരുമെന്നാണ് സൂചന.