തിരുവനന്തപുരത്ത് വീണ്ടും ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്

Update: 2018-04-22 02:44 GMT
തിരുവനന്തപുരത്ത് വീണ്ടും ഇന്റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്
Advertising

കനറാ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

Full View

തിരുവനന്തപുരത്ത് വീണ്ടും ഹൈടെക് എടിഎം തട്ടിപ്പ്. രണ്ട് പേരുടെ അക്കൗണ്ടുകളില്‍ നിന്നായി ഒരു ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. പ്രവാസി മലയാളിയുടെ 52000 രൂപയും മറ്റൊരാളുടെ അക്കൗണ്ടില്‍ നിന്ന് 49000രൂപയുമാണ് നഷ്ടമായത്.

ചെമ്പഴന്തി സ്വദേശി വിനീതിന്റെ 49000 രൂപയാണ് ഇന്നലെ നഷ്ടപ്പെട്ടത്. രാവിലെ 8 മണിക്കും 9 മണിക്കും ഇടയില്‍ 11 തവണയായാണ് വിനീതിന്റെ പണം പിന്‍വലിച്ചിരിക്കുന്നത്. ഈ മാസം 12 ന് വിനീത് ഓണ്‍ലൈന്‍ വഴി ഡി ടി എച്ച് റീചാര്‍ജ് ചെയ്തിരുന്നു. എ ടി എം കാര്‍ഡ് നമ്പര്‍ ഉള്‍‌പ്പെടെയുളള വിവരങ്ങള്‍ നല്‍കിയാണ് റീചാര്‍ജ് ചെയ്തത്. പേ ടി എം എന്ന സൈറ്റ് വഴിയായിരുന്നു ഇടപാട്. വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് വിനീത് ഇടപാട് നടത്തിയത്. ഇതിനു പിന്നാലെയാണ് പണം നഷ്ടമായത്. കനറാ ബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയിലാണ് വിനീതിന്റെ അക്കൌണ്ട്. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കേളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രവാസി മലയാളിയായ പേരൂര്‍ക്കട സ്വദേശി അരവിന്ദിനും പണം നഷ്ടപ്പെട്ടു. പട്ടം ആക്സിസ് ബാങ്കിലാണ് അരവിന്ദിന്റെ അക്കൗണ്ട്. അഞ്ച്​തവണ പതിനായിരം രൂപ വെച്ചാണ് അരവിന്ദിന്റെ പണം പിന്‍വലിച്ചിരിക്കുന്നത്. തലസ്ഥാനഗരിയില്‍ കഴിഞ്ഞയാഴ്ച്ചയും തട്ടിപ്പ് നടന്നിരുന്നു. പട്ടം സ്വദേശിനിയായ അധ്യാപികയുടെ 56000 രൂപയാണ് അന്ന് നഷ്ടമായത്. നെറ്റ് ബാങ്കിംഗ് വഴി വിദേശത്തു നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Tags:    

Similar News