നോട്ട് നിരോധം: നിക്ഷേപകര്‍ സഹകരണ ബാങ്കുകളെ കൈയൊഴിയുന്നു; വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു
നിക്ഷേപകരുടെ ആശങ്കയകറ്റാന്‍ കാമ്പയിനുമായി സഹകരണ ബാങ്കുകള്‍
നോട്ട് നിരോധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കള്‍ വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു. ചെക്ക് ഉപയോഗിച്ച് പിന്‍വലിക്കുന്ന നിക്ഷേപം ദേശസാത്കൃത ബാങ്കുകളിലേക്ക് മാറ്റുന്നത് വ്യാപകമായതോടെ ഉപഭോക്താക്കളുടെ ആശങ്കയകറ്റുന്നതിനായുളള ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് പ്രമുഖ സഹകരണ ബാങ്കുകള്‍.
നോട്ട് നിരോധം നിലവില്‍ വന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും സഹകരണ ബാങ്കുകളെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതാണ് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ചെക്ക് മുഖേന ഇടപാടുകാര്‍ ദേശാത്കൃത ബാങ്കുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപം മാറ്റിയതായാണ് കണക്കുകള്‍. അവസരം മുതലെടുത്ത് ന്യൂജെനറേഷന്‍ ബാങ്കുകാരും സജീവമായി രംഗത്തുണ്ട്. ഒട്ടേറെ പദ്ധതികളിലൂടെ സമാഹരിച്ച നിക്ഷേപങ്ങള്‍ നഷ്ടപ്പെടുന്നത് സഹകരണ ബാങ്കുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ സഹകരണ ബാങ്കുകള്‍ക്കെതിരായി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ അടുത്ത ദിവസം മുതല്‍ വ്യാപകമായ കാമ്പയിനുകള്‍ സംഘടിപ്പിക്കാനുളള ഒരുക്കത്തിലാണ് പല ബാങ്ക് ഭരണസമിതികളും
സംസ്ഥാനത്തെ പ്രൈമറി സഹകരണ ബാങ്കുകളുടെ കോടിക്കണക്കിന് രൂപ വിവിധ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായുണ്ട്. ഈ പണം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാങ്കുകള്‍ക്കെതിരെ കോടതിയെ സമീപിക്കാനും പ്രൈമറി സഹകരണ ബാങ്കുകള്‍ തീരുമാനിച്ചിട്ടുണ്ട്.