മന്ത്രിസഭ തീരുമാനങ്ങള്‍ക്ക് പുറമേ നോട്ടുകളും നടപടിക്രമങ്ങളും പരസ്യപ്പെടുത്തണമെന്ന് ഉത്തരവ്
തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറങ്ങുമ്പോള്‍ തന്നെ പരസ്യപ്പെടുത്തണം
മന്ത്രിസഭ തീരുമാനങ്ങള്‍ക്ക് പുറമേ നോട്ടുകളും നടപടിക്രമങ്ങളും പരസ്യപ്പെടുത്തണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കി. തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറങ്ങുമ്പോള്‍ തന്നെ പരസ്യപ്പെടുത്തണം. ഇതിനായി കേരള സെക്രട്ടറിയേറ്റ് മാനുവലില്‍ ഭേദഗതി വരുത്തുമെന്നും ഉത്തരവ് പറയുന്നു
മന്ത്രിസഭ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനങ്ങള്‍ പരസ്യപ്പെടുത്താമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇക്കാര്യം നേരത്തെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്. മന്ത്രിസഭ തീരുമാനപ്രകാരമുള്ള ഉത്തരവുകളും സര്‍ക്കുലറുകളും പുറപ്പെടുവിക്കുന്ന അന്ന് തന്നെ പരസ്യപ്പെടുത്തണം. ഇതോടൊപ്പം അവയുമായി ബന്ധപ്പെട്ട നോട്ടുകളും നടപടിക്രമങ്ങളും കൂടി പരസ്യപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. സാധ്യമെങ്കില്‍ അന്ന് തന്നെ ഉത്തരവുകള്‍ പരസ്യപ്പെടുത്തണം. ഇതിനായി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ് കേരള സെക്രട്ടറിയേറ്റ് മാനുവലില്‍ ഭേദഗതി വരുത്തുമെന്നും ഉത്തരവില്‍ പറയുന്നു.