കണ്ണൂരിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് ബിജെപി പ്രാദേശിക നേതാവ്; പ്രതി വെടിവെപ്പിൽ പരിശീലനം നേടിയ ആൾ
സന്തോഷ് ഇന്നുരാവിലെ ഫേസ്ബുക്കിലൂടെ രാധാകൃഷ്ണനെതിരെ വധഭീഷണിയും മുഴക്കിയിരുന്നു.


കണ്ണൂർ: കണ്ണൂർ കൈതപ്രത്ത് വെടിയേറ്റ് കൊല്ലപ്പെട്ടത് ബിജെപി നേതാവ്. കൈതപ്രം സ്വദേശി രാധാകൃഷ്ണൻ (49) ആണ് പെരുമ്പടവ് സ്വദേശി സന്തോഷിന്റെ വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.
രാധാകൃഷ്ണൻ ബിജെപിയുടെ പ്രാദേശിക നേതാവും ഭാര്യ ജില്ലാ നേതാവുമാണ്. കൊല്ലപ്പെട്ട രാധാകൃഷ്ണനും പ്രതി സന്തോഷും തമ്മിൽ ഇന്ന് രാവിലെയും വാക്കുതർക്കവും വെല്ലുവിളികളുമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. തുടർന്ന് സന്തോഷ് വീട്ടിലേക്ക് പോവുകയും വൈകിട്ടോടെ തോക്കുമായി തിരികെ വരികയുമായിരുന്നു.
സന്തോഷ് ഇന്നുരാവിലെ ഫേസ്ബുക്കിലൂടെ രാധാകൃഷ്ണനെതിരെ വധഭീഷണിയും മുഴക്കിയിരുന്നു. രാധാകൃഷ്ണൻ തന്റെ കുടുംബവീടിനോട് ചേർന്നു നിർമിക്കുന്ന പുതിയ വീട്ടിലെത്തിയാണ് സന്തോഷ് കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ യാതൊരു കൂസലുമില്ലാതെ, 'താൻ എല്ലാം പറയാം' എന്ന് പറഞ്ഞ് പൊലീസിനൊപ്പം പോവുകയായിരുന്നു പ്രതി.
തുടർന്ന്, പരിയാരം മെഡി. കോളജ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചില കുടുംബപ്രശ്‌നങ്ങളാണ് കൊലയ്ക്കു കാരണമെന്നും വ്യക്തമാക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ നെഞ്ചിലാണ് വെടിയേറ്റത്. പോയിന്റ് ബ്ലാങ്കിലായിരുന്നു വെടിയുതിർത്തത്. രാധാകൃഷ്ണന്റെ മൃതദേഹം പരിയാരം മെഡി. കോളജ് മോർച്ചറിയിൽ.
ഇന്ന് വൈകീട്ട് 7.30ന് കൈതപ്രത്തെ രാധാകൃഷ്ണന്റെ നിർമാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. വെടിയൊച്ചയും നിലവിളിയും കേട്ട് തൊട്ടടുത്തുണ്ടായിരുന്നു ആളുകൾ ഓടിയെത്തുമ്പോഴാണ് രാധാകൃഷ്ണൻ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇയാളെ പരിയാരം മെഡി.കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പൊലീസ് എത്തുമ്പോൾ ഈ വീടിനു സമീപം മദ്യലഹരിയിൽ നിൽക്കുകയായിരുന്നു സന്തോഷ്. തുടർന്ന് ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. ലൈസൻസുള്ള തോക്ക് സ്വന്തമായുള്ള ഇയാൾ വെടിവെപ്പിൽ പരിശീലനം നേടിയിട്ടുണ്ട്. കാട്ടുപന്നിയെ വെടിവയ്ക്കാനായി പഞ്ചായത്തിനു കീഴിലുള്ള ടാസ്‌ക് ഫോഴ്‌സിലെ അംഗം കൂടിയാണ് സന്തോഷ്. ടാക്‌സി ഡ്രൈവറാണ് കൊല്ലപ്പെട്ട രാധാകൃഷ്ണൻ.