കെ.എസ്‌.യുവിനെതിരെ വിമർശവുമായി വി.ടി ബൽറാം

Update: 2018-04-23 10:46 GMT
Editor : Ubaid
കെ.എസ്‌.യുവിനെതിരെ വിമർശവുമായി വി.ടി ബൽറാം
Advertising

ഗ്രൂപ്പ്‌ നേതാക്കന്മാർ കൂടിയായ സംസ്ഥാന പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും സംഘടനയിലെ നല്ല നീക്കങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.

Full View

കെ.എസ്‌.യുവിനെതിരെ വിമർശവുമായി വി.ടി ബൽറാം എം.എൽ.എ. സംഘടനയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഒട്ടും അഭിമാനകരമല്ലെന്ന് വി ടി ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഗ്രൂപ്പ്‌ നേതാക്കന്മാർ കൂടിയായ സംസ്ഥാന പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും സംഘടനയിലെ നല്ല നീക്കങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. യുവജന സംഘടനകളുടെ തലപ്പത്തുള്ളവർ അവിടങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുകയാണെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നു.

കെ.എസ്‌.യുവിൽ പുനഃസംഘടന വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് വി ടി ബൽറാം വിമർശം ഉന്നയിച്ചിരിക്കുന്നത്. കെ.എസ്‌.യു കമ്മിറ്റികളുടെ കാലയളവ്‌ രണ്ട്‌ വർഷമാണെന്നിരിക്കെ,‌ നിലവിലെ സംസ്ഥാനകമ്മിറ്റി പുന:സംഘടിപ്പിക്കാതെ നാലരവർഷത്തോളമായി പ്രവർത്തിച്ചുവരികയാണ്.

കെഎസ്‌യുവിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ ഒട്ടും അഭിമാനകരമല്ല. രണ്ട്‌ വർഷമാണ്‌ സാധാരണഗതിയിൽ കെഎസ്‌യു കമ്മിറ്റികളുടെ കാലയളവ്‌ എ...

Publicado por VT Balram em Segunda, 1 de agosto de 2016

ഒരേ സ്ഥാനത്ത്‌ വർഷങ്ങളോളം തുടരുന്നതുകൊണ്ടുള്ള മടുപ്പും മുരടിപ്പും സംഘടനയുടെ ഇടത്തട്ടിലും താഴെത്തട്ടിലുമുള്ള പല ഭാരവാഹികളും അനുഭവിക്കുന്നുണ്ടെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 27 വയസ്സാണ്‌ കെ.എസ്‌.യുവിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി എങ്കിലും പലരും മുപ്പത്‌ പിന്നിട്ടവരാണ്‌. തങ്ങളുടെ പ്രവർത്തനകാലം കഴിയുകയാണെന്ന് മനസ്സിലാക്കുന്ന പല നേതാക്കളും സ്ഥാനമൊഴിയാനും പുതുമുഖങ്ങൾക്ക്‌ വഴിയൊരുക്കാനും തയ്യാറെടുക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പ്‌ നേതാക്കന്മാർ കൂടിയായ സംസ്ഥാന പ്രസിഡണ്ടും വൈസ്‌ പ്രസിഡണ്ടും ഇത്തരം നല്ല നീക്കങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ബൽറാം തുറന്നടിക്കുന്നു. സംഘടനയിൽ തെരഞ്ഞെടുപ്പ്‌ നടത്തി സമഗ്രമായ പുന:സംഘടനക്ക്‌ കോൺഗ്രസ്സിലെ ഗ്രൂപ്പ്‌ മാനേജർമാർ തടസ്സം നിൽക്കുന്നതായും വി ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.

കോൺഗ്രസ്സിൽ തലമുറമാറ്റത്തിനുവേണ്ടി ചെറുപ്പക്കാർ ശബ്ദമുയർത്തുന്ന ഇക്കാലത്ത്‌ ആ മുദ്രാവാക്യത്തിന്റെ ശോഭ കെടുത്തുന്ന തരത്തിലാണ്‌ വിദ്യാർത്ഥി, യുവജന സംഘടനകളുടെ തലപ്പത്തുള്ളവർ അവിടങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് വി ടി ബൽറാം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News