പൊമ്പിളെ ഒരുമൈയുടെ നിരാഹാര സമരം തുടരുന്നു
സ്ത്രീ തൊഴിലാളികളുടെ പിന്തുണ ആർജിക്കാനായി കൂടുതൽ പ്രചാരണം നടത്താനും സമര സമിതി തീരുമാനിച്ചു
എംഎം മണിയുടെ വിവാദ പരാമര്‍ശത്തിൽ പ്രതിഷേധിച്ച് പൊമ്പിളെ ഒരുമൈ നടത്തുന്ന നിരാഹാര സമരം തുടരുന്നു. സമരം കൂടുതൽ ശക്തമാക്കാനാണ് പൊമ്പിളെ ഒരുമൈ തീരുമാനം. സ്ത്രീ തൊഴിലാളികളുടെ പിന്തുണ ആർജിക്കാനായി കൂടുതൽ പ്രചാരണം നടത്താനും സമര സമിതി തീരുമാനിച്ചു.
മന്ത്രി എം എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് പൊമ്പിളെ ഒരുമൈ നടത്തുന്ന സമരം നാലാം ദിവസത്തിലേക്കും, നിരാഹാര സമരം രണ്ടാം ദിനത്തിലേക്കും കടന്നു. സ്ത്രീ തൊഴിലാളികളുടെ വലിയ തോതിലുള്ള പങ്കാളിത്തം സമരത്തിൽ ഉറപ്പുവരുത്താൻ പൊമ്പിളെ ഒരുമൈക്ക് കഴിഞ്ഞിട്ടില്ല. പൊമ്പിളെ ഒരു മൈ നേതൃത്വത്തിലുള്ള പത്ത് പേർ മാത്രമാണ് സമരരംഗത്തുള്ളത്. എന്നാൽ സമരത്തെ പിന്തുണയ്ക്കുന്ന സ്ത്രീ തൊഴിലാളികളെ സി പി എം നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് പൊമ്പിളെ ഒരു മൈയുടെ ആക്ഷേപം. തൊഴിലാളി സമരമല്ലാത്തതിനാൽ സ്ത്രീ തൊഴിലാളികളെ തൊഴിൽ ദിനം നഷ്ടപ്പെടുത്തി സമരത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും സമര സമിതി വിശദീകരിക്കുന്നു. പൊമ്പിളെ ഒരു മൈ സമരത്തെ പിന്തുണച്ചുള്ള സി. ആർ നീലകണ്ഠന്റെ നിരാഹാര സമരം ഇന്നും തുടരും സമരപ്പന്തൽ നീക്കണമെന്നാവശ്യപ്പെട്ട് പോലീസ് സമര സമിതിക്ക് നോട്ടീസ് നൽകിയേക്കുമെന്നും സൂചനയുണ്ട്.