അധ്യാപകനെ കാണാതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ടത് മൂന്ന് ദിവസം
മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് അധ്യാപകന്‍ നാടുവിട്ടതാണെന്നാരോപിച്ചാണ് നാട്ടുകാരില്‍ ഒരു വിഭാഗം സ്‌കൂള്‍ അടപ്പിച്ചത്
കോഴിക്കോട് ചെറുവണ്ണൂരില്‍ അധ്യാപകനെ കാണാതാതായതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചിട്ടത് മൂന്നു ദിവസം. മാനേജ്‌മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് അധ്യാപകന്‍ നാടുവിട്ടതാണെന്നാരോപിച്ചാണ് നാട്ടുകാരില്‍ ഒരു വിഭാഗം സ്‌കൂള്‍ അടപ്പിച്ചത്. കാണാതായ അധ്യാപകനെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തിയതോടെ പ്രശ്‌നത്തിന് പരിഹാരമായി.
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ നോര്‍ത്ത് എം എല്‍ പി സ്‌കൂളലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് സ്‌കൂളില്‍ അധ്യാപകനായി ആശ്രിത നിയമനം നേടിയ സബിനെ മൂന്നു ദിവസം മുമ്പ് കാണാതാവുകയായിരുന്നു. മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇതെന്നായിരുന്നു ആരോപണം.
അധ്യാപകനെ കാണാതായതോടെ നാട്ടുകാരില്‍ ഒരു വിഭാഗം പ്രശ്‌നം ഏറ്റെടുത്തു. അധ്യാപകനെ കണ്ടെത്തി പ്രശ്‌നം പരിഹരിച്ച ശേഷം സ്‌കൂള്‍ തുറന്നാല്‍ മതിയെന്നായിരുന്നു ഇവരുടെ നിലപാട്. ഇതോടെ എഴുപതോളം കുട്ടികളുടെ അധ്യയനവും മുടങ്ങി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അധ്യാപകനെ കണ്ടെത്തിയത്. അധ്യാപകന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്ത് പരിഹരിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു.