തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് കളക്‌റുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്
ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭൂമിക്ക് നേരത്തെയുണ്ടായ ഘടനയില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞതായി കളക്ടറുടെ റിപ്പോര്‍ട്ട്...
മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം സ്ഥിരീകരിച്ച് ആലപ്പുഴ കളക്‌റുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട്. തോമസ്ചാണ്ടിയുടെ റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ ഭൂ നിയമങ്ങള്‍ ലംഘിച്ചെന്നും, കായല്‍ മണ്ണിട്ട് നികത്തിയെന്നും റവന്യുമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. പ്രാഥമികാന്വേഷണത്തില്‍ തന്നെ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തില്‍ തോമസ്ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലായിട്ടുണ്ട്.
മാര്‍ത്താണ്ഡം കായല്‍ കയ്യേറി, റിസോര്‍ട്ടിന് വേണ്ടി കായല്‍ വളച്ച് കെട്ടി, റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേട് നടത്തി തുടങ്ങി തോമസ് ചാണ്ടിക്കെതിരായ നിരവധി ആരോപണങ്ങളാണ് ആലപ്പുഴ കളക്ടര്‍ പരിശോധിച്ചത്. പ്രാഥമിക പരിശോധന നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരായ കണ്ടെത്തലുകളാണുള്ളത്. റിസോര്‍ട്ടിന് വേണ്ടി കായല്‍ കയ്യേറിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭൂമിക്ക് നേരത്തെയുണ്ടായ ഘടനയില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഭൂമിയുടെ ഉപഗ്രഹചിത്രങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശദമായി പരിശോധന നടത്തിയാല്‍ മാത്രമേ കയ്യേറ്റം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം കളക്ടര്‍ റവന്യുമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. റിപ്പോര്‍ട്ട് മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും. തുടര്‍നടപടികളില്‍ വിട്ട് വീഴ്ച വേണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ നിലപാട്.
മുഖ്യമന്ത്രി പറഞ്ഞാല്‍ രാജിയെന്ന് തോമസ് ചാണ്ടി
കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് തോമസ് ചാണ്ടി.ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണ്. കയ്യേറ്റ ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ഒരു സെന്റ് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും മന്ത്രി തോമസ് ചാണ്ടി അവകാശപ്പെട്ടു.