ക്രിസ്മസ് ആഘോഷം തടഞ്ഞെന്നാരോപണം; ചാവക്കാട് എസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
ആരോപണം നിഷേധിച്ച് എസ്ഐ വിജിത്
തൃശൂർ: ക്രിസ്മസ് ആഘോഷം തടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം. പാലയൂർ സെൻ്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞെന്നാണ് ആരോപണം. എസ്ഐയുടെ പള്ളിയിലെ ഇടപെടൽ അനാവശ്യമായിരുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും സിപിഎം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി ശിവദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
അതേസമയം, പള്ളിയിലെ കരോൾ ഗാനം തടഞ്ഞെന്നും മോശമായി പെരുമാറിയെന്നുമുള്ള ആരോപണം ചാവക്കാട് എസ്ഐ വിജിത്ത് നിഷേധിച്ചിരുന്നു. പള്ളിക്കമ്മിറ്റിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വിജിത്ത് മേലുദ്യോഗസ്ഥരെ അറിയിച്ചു.
മൈക്ക് പെർമിഷൻ എടുക്കാത്തതിന്റെ പേരിൽ എസ്ഐ മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ട്രസ്റ്റ് അംഗങ്ങളുടെ പരാതി. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസ് നടപടി.