നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ചു

Update: 2018-04-28 17:09 GMT
Editor : Sithara
നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് നിശ്ചയിച്ചു
Advertising

ജനറല്‍ സീറ്റില്‍ ഈ വര്‍ഷം 4,85,000 രൂപയും അടുത്ത വര്‍ഷം 5,60,000 രൂപയും ആയിരിക്കും ഫീസ്

നാല് ക്രിസ്ത്യന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളുടെ ഫീസ്, ഫീസ് നിര്‍ണയ കമ്മറ്റി നിശ്ചയിച്ചു. ജനറല്‍ സീറ്റില്‍ ഈ വര്‍ഷം 4,85,000 രൂപയും അടുത്ത വര്‍ഷം 5,60,000 രൂപയും ആയിരിക്കും ഫീസ്. എന്‍ആര്‍ഐ സീറ്റുകളില്‍ 18 ലക്ഷമാണ് ഫീസ്. ഫീസ് നിര്‍ണയം അംഗീകരിക്കില്ലെന്ന് ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് അസോസിയേഷന്‍ അറിയിച്ചു.

Full View

കോലഞ്ചേരി, പുഷ്പഗിരി, അമല, ജൂബിലി എന്നീ കോളജുകളുടെ ഫീസാണ് ഫീസ് നിര്‍ണയ കമ്മറ്റിയായ ആര്‍ രാജേന്ദ്രബാബു കമ്മറ്റി ഇന്ന് നിശ്ചയിച്ചത്. 5 ലക്ഷം രൂപ ഫീസ് എന്ന നിലയില്‍ ഈ വര്‍ഷം പ്രവേശം പൂര്‍ത്തിയാക്കിയായ ഈ കോളജുകളുടെ ജനറല്‍ സീറ്റുകളിലെ അന്തിമ ഫീസ് 4,85,000 രൂപ ആയിരിക്കുമെന്ന് ആര്‍ രാജന്ദ്രബാബു കമ്മറ്റി ഉത്തരവിട്ടു. 10 ശതമാനം വര്‍ധനവോടെ അടുത്ത വര്‍ഷം 5,60,000 രൂപ ഈടാക്കാമെന്നും ഉത്തരവിലുണ്ട്. എന്‍ആര്‍ഐ സീറ്റുകളിലെ ഫീസ് 18 ലക്ഷം രൂപയാണ്. 20 ലക്ഷം രൂപയാണ് കോളജുകള്‍ പ്രവേശ സമയത്ത് ഈടാക്കിയിരുന്നത്.

നാല് കോളജുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ ആകെ 5 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് ഫീസ് നിര്‍ണയ കമ്മറ്റി നിശ്ചയിച്ചത്. അതേസമയം ഫീസ് നിര്‍ണയിക്കാനുള്ള അധികാരം രാജേന്ദ്രബാബു കമ്മറ്റിക്കില്ലെന്നും സുപ്രീംകോടതി വിധി വരെ കാത്തിരിക്കുമെന്നും ക്രിസ്ത്യന്‍ മാനേജ്മെന‍്റ് അസോസിയേഷന്‍ പ്രതിനിധി ജോര്‍ജ് പോള്‍ പ്രതികരിച്ചു.

നേരത്തെ കെഎംസിറ്റിയും കമ്മറ്റിയുടെ ഫീസ് നിര്‍ണയത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫീസ് നിര്‍ണയിച്ചെങ്കിലും അന്തിമ തീരുമാനമറിയാന്‍ കോടതിവിധി കൂടി കാത്തിരിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News