പി എം താജിന്റെ ഓര്‍മകളില്‍ സുഹൃത്തുക്കള്‍
താജിന്റെ അഭാവം നാടകവേദിക്കു സൃഷ്ടിച്ച ശൂന്യതയും ആ നാടകങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുമെല്ലാം സംഗമത്തില്‍ ചര്‍ച്ചയായി
അനശ്വര നാടകപ്രതിഭ പി എം താജിന്റെ ഓര്‍മകളില്‍ പഴയകാല നാടകപ്രവര്‍ത്തകരും സുഹൃത്തുക്കളും കോഴിക്കോട് ഒത്തുകൂടി. താജ് അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഇവര്‍ ഓര്‍മകള്‍ പങ്കുവെച്ചത്.
കഥപറഞ്ഞു തീരും മുമ്പേ അകാലത്തില്‍ വിട്ടു വിട്ടു പിരിഞ്ഞ പിഎം താജ് എന്ന നാടകപ്രതിഭയുടെ ഓര്‍മകളിലായിരുന്നു പഴയസഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. കുറഞ്ഞകാലം കൊണ്ട് ജ്വലിച്ചമര്‍ന്ന മഹാ പ്രതിഭയെ സുഹൃത്തുക്കള്‍ അനുസ്മരിച്ചു. അടിയന്തരവാസ്ഥക്കാലത്തെഴുതിയ പെരുമ്പറയും രാവുണ്ണിയും പാവത്താന്‍ നാടുമെല്ലാം പലരുടേയും ഓര്‍മകളില്‍ കടന്നുവന്നു.
താജിന്റെ അഭാവം നാടകവേദിക്കു സൃഷ്ടിച്ച ശൂന്യതയും ആ നാടകങ്ങളിലെ സാമൂഹിക പ്രതിബദ്ധതയുമെല്ലാം സംഗമത്തില്‍ ചര്‍ച്ചയായി. താജ് അനുസ്മരണസമിതിയും, പുരോഗമന കലാ സാഹിത്യ സംഘവും സംയുക്തമായാണ് ഈ സംഗമം സംഘടിപ്പിച്ചത്. താജ് അനുസ്മരണത്തിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ വിവിധ സാംസ്കാരിക പരിപാടികള്‍ക്കും കോഴിക്കോട് വേദിയാകും.