സിപിഎം തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; എതിർപ്പുമായി രണ്ട് അംഗങ്ങൾ
ജില്ലാ കമ്മിറ്റി യോഗത്തിൽ വൈകാരികമായി പ്രതികരിച്ച് വി. അമ്പിളിയും ജി. സുഗുണനും
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി പാനലിൽ നിന്ന് ഒഴിവാക്കിയതിൽ രണ്ട് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. വി. അമ്പിളിയും ജി. സുഗുണനുമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ വൈകാരികമായി പ്രതികരിച്ചത്. അമ്പിളിയെ ഒഴിവാക്കുന്നതിനെ കമ്മിറ്റിയിലെ മറ്റ് വനിതാ അംഗങ്ങളും എതിർത്തു. സിഎംപിയിൽ നിന്ന് വന്ന തന്നെ ഒഴിവാക്കുന്നത് വാഗ്ദാന ലംഘനമാണെന്ന് ജി.സുഗുണനും പറഞ്ഞു.
സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും വി. ജോയിയെ തിരഞ്ഞെടുത്തുന്നു. ജില്ലാക്കമ്മിറ്റിയിൽ എട്ടു പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യകണ്‌ഠേനയാണ് ജോയിയെ പാർട്ടി ജില്ലാക്കമ്മിറ്റി സ്ഥാനത്ത് തുടരാൻ തെരഞ്ഞെടുത്തത്, മറ്റൊരു പേരുകളും സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നില്ല.
കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത മറ്റുള്ളവർ അധികവും പുതുമുഖങ്ങളാണ്. അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ, വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത്, ആറ്റിങ്ങൽ എംഎൽഎ ഒ.എസ് അംബിക, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്ക് പിന്നാലെ ആർ.പി ശിവജി, ഷീജ സുദേവ്, വി. അനൂപ്, വണ്ടിത്തടം മധു എന്നിവരാണ് ജില്ലാക്കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുതുമുഖങ്ങൾ.
പ്രായത്തിന്റെ പേരിലും സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടതിന്റെ പേരിലും പലരെയും ജില്ലാക്കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആനാവൂർ നാഗപ്പൻ, എ.എ റഹീം, കെ.സി വിക്രമൻ, വി. അമ്പിളി, പുത്തൻകട വിജയൻ, ആറ്റിങ്ങൽ വിജയൻ, എ. റഷീദ്, വി. ജയപ്രകാശ് എന്നിവരാണ് ജില്ലാക്കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയവർ.