ദേശീയപാത 45 മീറ്റര്‍ മുഖ്യമന്ത്രിക്കെതിരെ ജനകീയപ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകള്‍

Update: 2018-05-02 23:20 GMT
Editor : admin
ദേശീയപാത 45 മീറ്റര്‍ മുഖ്യമന്ത്രിക്കെതിരെ ജനകീയപ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകള്‍
Advertising

ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ വലിയ ജനകീയ പ്രക്ഷോഭമാണ് ഇടത് സര്‍ക്കാറിനെ കാത്തിരിക്കുന്നതെന്നും സമര സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദേശീയപാത നാല്‍പത്തിയഞ്ച് മീറ്ററാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ചുവട് പിടിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിവിധ സംഘടനകള്‍. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണെന്ന ആരോപണവുമായി ദേശീയ പാത ആക്ഷന്‍ കൌണ്‍സില്‍ ഉള്‍പ്പെടെയുള്ള സമര സമിതികള്‍ രംഗത്തെത്തി കഴിഞ്ഞു. ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയാല്‍ വലിയ ജനകീയ പ്രക്ഷോഭമാണ് ഇടത് സര്‍ക്കാറിനെ കാത്തിരിക്കുന്നതെന്നും സമര സമിതി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നാല്‍പത്തിയഞ്ച് മീറ്ററായി ദേശീയ പാത വികസിപ്പിക്കുമെന്നും ഇതിനായി സ്ഥലം ഏറ്റെടുക്കുമെന്നുമായിരിന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ എന്നാണ് സമര സമിതി നേതാക്കള്‍ പറയുന്നത്.

മൂന്ന് ലക്ഷത്തോളം ആളുകളെ കുടിയൊഴിപ്പിച്ച നര്‍മദാവാലി അണക്കെട്ട് പദ്ധതിക്ക് സമാനമായ സാഹചര്യമാണ് ദേശീയ പാത വിഷയത്തില്‍ കേരളം അഭിമുഖീകരിക്കേണ്ടി വരികയെന്നും സമര സമിതി നേതാക്കള്‍ പറയുന്നു

ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനൊപ്പം ആയിരക്കണക്കിന് കെട്ടിടങ്ങളും മരങ്ങളും ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി നശിപ്പിക്കേണ്ടി വരുമെന്നും അത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും സമര സമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട സമിതികള്‍ക്ക് പുറമെ നിരവധി സംഘടനകള്‍ നാല്‍പത്തിയഞ്ച് മീറ്റര്‍ പ്രഖ്യാപനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News